ന്യൂഡൽഹി: ഇന്ത്യയിൽ ഒടുവിൽ ഡിജിറ്റൽ രൂപ യാഥാർഥ്യമാകുന്നു. ഇ–റുപ്പി ഡിസംബര്‍ ഒന്നിന് പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നിലവിലെ കറന്‍സി നോട്ടുകള്ക്കുപുറമെയായിരിക്കും ഇ–റുപ്പി വിനിമയം. ഇതോടെ ഇടപാടുകള്‍ കൂടുതല്‍ സുഗമവും വേഗത്തിലുമാകുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.
ഡൽഹി, മുംബൈ, ബെംഗളൂരു, ഭുവനേശ്വർ തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇ–റുപ്പി പുറത്തിറക്കുന്നത്. രണ്ടാം ഘട്ടത്തിൽ കൊച്ചി ഉൾപ്പെടെയുള്ള 9 നഗരങ്ങളിൽ ഇ–റുപ്പി പുറത്തിറക്കും.
പരീക്ഷണം എന്ന നിലയിലാണ് ഡിസംബറിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത് എന്ന് റീട്ടെയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) വ്യക്തമാക്കി. ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലായിരിക്കും ഇ-രൂപയെന്ന് ആർബിഐ പറയുന്നു. മൊത്തവിപണിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നവംബർ ഒന്ന് മുതൽ ആർബിഐ ഡിജിറ്റൽ കറൻസി അവതരിപ്പിച്ചിരുന്നു.
നിലവിൽ കറൻസിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യത്തിൽ തന്നെ ഡിജിറ്റൽ രൂപ പുറത്തിറക്കും. ഇത് ഇടനിലക്കാർ വഴി വിതരണം ചെയ്യും, അതായത്, രാജ്യത്തെ തെരെഞ്ഞെടുത്ത ബാങ്കുകൾ വഴി വിതരണം ചെയ്യപ്പെടും.
പങ്കെടുക്കുന്ന ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതും മൊബൈൽ ഫോണുകൾ / ഉപകരണങ്ങളിൽ സംഭരിച്ചിരിക്കുന്നതുമായ ഡിജിറ്റൽ വാലറ്റ് വഴി ഉപയോക്താക്കൾക്ക് ഡിജിറ്റൽ രൂപ ഉപയോഗിച്ച് ഇടപാട് നടത്താൻ കഴിയുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
ബിറ്റ് കോയിൻ ഉൾപ്പെടെ ക്രിപ്റ്റോ കറൻസികൾ ലോകമെമ്പാടും പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ഡിജിറ്റൽ കറൻസിയെക്കുറിച്ച് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ചിന്തിക്കാൻ തുടങ്ങിയത്. 66 രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിനുള്ള പരീക്ഷണത്തിലാണ്. ഇതിനിടെയാണ് ആർബിഐ ഇ–റുപ്പി പുറത്തിറക്കുന്ന പ്രഖ്യാപനം നടത്തിയത്.