കൊച്ചി: സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ഹൈക്കോടതി. ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമാണെന്നും കോടതി പറഞ്ഞു. ഹോസ്റ്റലിലെ നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർഥിനികൾ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.
വെറും കുട്ടികളല്ല, മുതിർന്ന പൗരൻമാരാണ് മെഡിക്കൽ വിദ്യാർത്ഥികളെന്ന് കോടതി നിരീക്ഷിച്ചു. അക്രമം ഭയന്നാണെങ്കിൽ വിദ്യാർത്ഥിനികളെയല്ല അക്രമികളെയാണ് പൂട്ടിയിടേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
സുരക്ഷയുടെ പേരിൽ വിദ്യാർഥികൾ കാമ്പസിനുള്ളിൽ പോലും ഇറങ്ങരുതെന്ന് സ്റ്റേറ്റ് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. വിദ്യാർഥികളുടെ ജീവന് മെഡിക്കൽ കോളജ് ക്യാമ്പസിൽ പോലും സംരക്ഷണം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണോ ഉള്ളതെന്നും കോടതി ചോദിച്ചു.
ഹോസ്റ്റലുകളിൽ രാത്രി 9.30 ശേഷമുള്ള നിയന്ത്രണത്തിന്റെ കാരണം വ്യക്തമാക്കാൻ സർക്കാരിന് നിർദേശം നൽകി. സംസ്ഥാന വനിതാ കമ്മീഷനും അഭിപ്രായം അറിയിക്കണം. കേസ് കോടതി ബുധനാഴ്ച പരിഗണിക്കും.
കോഴിക്കോട് മെഡിക്കൽ കോളജിലെ ലേഡീസ് ഹോസ്റ്റലിലെ പ്രവേശന നിയന്ത്രണത്തിൽ മെഡിക്കൽ കോളജ് പ്രതിനിധികളെ വിളിച്ചു വരുത്തുമെന്ന് വനിത കമ്മിഷൻ അറിയിച്ചിരുന്നു. സമയ നിബന്ധന വയ്ക്കേണ്ട കാര്യമില്ല. സുരക്ഷിതമായി ജോലി ചെയ്യാൻ അവസരം ഒരുക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി വ്യക്തമാക്കിയിട്ടുണ്ട്. മറ്റു കോളജുകളിൽ ഇത്തരം നിയന്ത്രണം ഉണ്ടോ എന്ന് പരിശോധിക്കും. വിവേചനം ഇല്ലാതെ പഠിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് പി.സതീദേവി പറഞ്ഞു.
പെൺകുട്ടികൾ രാത്രി 10 മണിക്ക് മുമ്പ് ഹോസ്റ്റലിൽ കയറണമെന്ന കർശന നിർദേശത്തിനെതിരെ രാത്രി വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിയന്ത്രണങ്ങളില്ലെന്നും രാത്രി ഡ്യൂട്ടിയുളളവർക്ക് സമയക്രമം പാലിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഒരുമണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് വൈസ് പ്രിൻസിപ്പാൾ കുട്ടികളെ ചർച്ചക്ക് വിളിച്ചത്.
തുടർന്ന് പ്രശ്നം പരിഹരിക്കാനായി വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, കോളേജ് അധികൃതർ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു. സർക്കാർ നിയമം അനുസരിച്ചാണ് ഹോസ്റ്റൽ പ്രവർത്തനമെന്നും ലിംഗ വിവേചനമല്ലെന്നും വിശദീകരിച്ച് മെഡിക്കൽ കോളേജ് അധികൃതർ രംഗത്ത് വന്നിരുന്നു. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നിലവിലുള്ള നിയമം തുടരുന്നതിനാണ് താല്‍പര്യമെന്നും പ്രിൻസിപ്പാൾ അറിയിച്ചു. വിദ്യാർഥികളുടെ ആവശ്യത്തിന്മേൽ സർക്കാർ നിർദ്ദേശം അറിഞ്ഞ ശേഷം തീരുമാനമെടുക്കാമെന്നുമാണ് പ്രിൻസിപ്പാൾ പറഞ്ഞത്. ഇതോടെയാണ് വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചത്.
മെഡിക്കൽ കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിയന്ത്രണങ്ങളില്ല. പെൺകുട്ടികളുടെ ഹോസ്റ്റലിലാകട്ടെ രാത്രി ഡ്യൂട്ടിയുളളവർക്ക് സമയക്രമം പാലിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. കോഴിക്കോടിന് പിന്നാലെ ആലപ്പുഴ മെഡിക്കൽ കോളജിലും ഹോസ്റ്റൽ വിദ്യാർത്ഥിനികൾ രാത്രി സമരം നടത്തിയിരുന്നു. പത്ത് മണിക്ക് ലേഡീസ് ഹോസ്റ്റൽ അടയ്ക്കുന്നതിനെതിരെയാണ് വിദ്യാർത്ഥിനികൾ ഹോസ്റ്റലിന് മുന്നിൽ പ്രതിഷേധവുമായി ഇറങ്ങിയത്. കർഫ്യൂ സമയം നീട്ടണം എന്നാണ് പ്രധാന ആവശ്യം. അൽപ്പസമയം വൈകി എത്തുന്നവരെ മണിക്കൂറുകളോളം പുറത്ത് നിർത്തുന്നതായി വിദ്യാർത്ഥിനികൾ ആരോപിച്ചിരുന്നു.
















