തിരുവനന്തപുരം: 27ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ ഒന്‍പതിന് തുടക്കമാകും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. എട്ടു ദിവസത്തെ മേളയില്‍ 14 സ്‌ക്രീനുകളിലായി 185 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഇത്തവണ മേളയില്‍പതിനായിരത്തോളം പ്രതിനിധികള്‍ക്കാണ് പ്രവേശനം അനുവദിക്കുന്നത്.
അതേസമയം, ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന് ഐ.എഫ്.എഫ്.കെയില്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പത്തുലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്. ബേലാ താറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളായ ദ ട്യൂറിന്‍ ഹോഴ്‌സ്, വെര്‍ക്ക്മീസ്റ്റര്‍ ഹാര്‍മണീസ് എന്നിവ ഉള്‍പ്പടെ ആറ് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ആദ്യമായി ഇന്ത്യയില്‍ എത്തുന്ന ബേലാ താറിന് ഡിസംബര്‍ 16ന് നടക്കുന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.
















