വിസ്താര, എയർ ഇന്ത്യ എയർലൈനുകളുടെ ഏകീകരണം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്.ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചതിന് ശേഷം വിസ്താര എയർ ഇന്ത്യയുമായി ലയിക്കുമെന്ന് കമ്പനി അറിയിച്ചു.ലയനത്തിന് ശേഷം 218 വിമാനങ്ങളോടെ ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയും, രണ്ടാമത്തെ വലിയ ആഭ്യന്തര ക്യാരിയറുമായി എയർ ഇന്ത്യ രാജ്യത്തെ മുൻനിര ആഭ്യന്തര, അന്തർദേശീയ സംരംഭം ആയിരിക്കുമെന്ന് കമ്പനി പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
ലയന ഇടപാടിന്റെ ഭാഗമായി എസ്ഐഎ എയർ ഇന്ത്യയിൽ 2059 കോടി രൂപ നിക്ഷേപിക്കുമെന്നും ഏകീകരണത്തെത്തുടർന്ന്, എസ്ഐഎ എയർ ഇന്ത്യയിൽ 25.1 ശതമാനം ഓഹരി പങ്കാളിത്തം വഹിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടപാട് 2024 മാർച്ച് മാസത്തോടെ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ ടാറ്റ സൺസ് എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികൾ 2022 ജനുവരിയിൽ അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ തലേസ് പ്രൈവറ്റ് ലിമിറ്റഡ് വഴി സ്വന്തമാക്കിയിരുന്നു.