വയനാട്: മാനന്തവാടിയിൽ പോക്സോ കേസ് അതീജീവിതകളുടെ വൈദ്യപരിശോധന നടത്തുന്നതിൽ വീഴ്ച വരുത്തിയതായി പരാതി.മാനന്തവാടിയിലെ വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർക്ക് എതിരെയാണ് പരാതി. പോക്സോ കേസ് അതിജീവിതകളായ മൂന്ന് ബാലികമാരെയും കൂടെ വന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും മൂന്ന് മണിക്കൂർ കാത്ത് നിന്നിട്ടും പരിശോധന നടത്താനായില്ല. ഡോക്ടർ ഇല്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ മടക്കി അയക്കുകയായിരുന്നു. പോക്സോ കേസുകളിലെ അതിജീവിതകളായ പത്തും ഒൻപതും മൂന്നും പെൺകുട്ടികൾക്കാണ് വൈദ്യപരിശോധന നടത്താൻ കഴിയാതെ മടങ്ങിയത്.
വനിതാ പോലീസ് ഉദ്യോഗസ്ഥയോടൊപ്പം ഇന്നലെ രാവിലെയാണ് മൂന്ന് കുട്ടികൾ മെഡിക്കൽ കോളേജിലെത്തിയത്. മെഡിക്കൽ കോളേജിൽ നിന്ന് മടങ്ങിയ ഇവർ പിന്നീട് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിയാണ് വൈദ്യപരിശോധന നടത്തിയത്. നടപടികൾ പൂർത്തിയാക്കി രാത്രി ഏറെ വൈകിയാണ് കുട്ടികൾക്ക് മടങ്ങാനായത്. സംഭവത്തിൽ വയനാട് ഡിഎംഒ, മെഡിക്കൽ കോളേജിൽ ഇന്നലെ രാവിലെയുണ്ടായിരുന്ന ഡ്യൂട്ടി മെഡിക്കൽ ഓഫീസറോട് വിശദീകരണം തേടി.