മലപ്പുറത്ത് തെരുവ് നായ്ക്കള്‍ കടിച്ച് കീറിയ നിലയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

 മലപ്പുറം:നവജാത ശിശുവിന്‍റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.തെരുവ് നായ്ക്കള്‍ കടിച്ച് കീറിയ നിലയില്‍ ആണ് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തിരൂരിൽ കന്മനം ചീനക്കലില്‍ ഉപേക്ഷിക്കപ്പെട്ട രീതിയിൽ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത് . 

ഇന്ന് രാവിലെ പ്രദേശത്ത് കാക്കകള്‍ നിര്‍ത്താതെ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് സംശയം തോന്നിയ സമീപത്തെ വീട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ വിവരം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥലത്തെത്തുകയും തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു. വീടിന് സമീപത്തെ മാലിന്യ കുഴിക്ക് സമീപത്തായി തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ  ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡിവൈഎസ്പി അറിയിച്ചു. 

Latest News