ദോഹ: ഖത്തറിൽ വീണ്ടും അട്ടിമറി. ലോകറാങ്കിംഗിൽ മുന്നിലുള്ള ബെൽജിയത്തെ തോൽപ്പിച്ച് മൊറോക്കോ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മൊറോക്കോ ബെൽജിയത്തെ പരാജയപ്പെടുത്തിയത്.
അബ്ദുൽഹമിദ് സബിരി, സകാരിയ അബുഖ്ലാൽ എന്നിവരാണ് മൊറോക്കോയുടെ ഗോളുകൾ നേടിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മൊറോക്കോ വലകുലുക്കിയത്. 73 ാം മിനിറ്റിൽ സബിരി ഫ്രീകിക്കിലൂടെ മൊറോക്കോയെ മുന്നിലെത്തിച്ചു. ബോക്സിന്റെ ഇടത് മൂലയിൽനിന്നും സബിരി എടുത്ത ഫ്രീകിക്ക് ബെൽജിയെ ഗോളി തിബോ ക്വോട്ടുവയെ മറികടന്ന് വലയിൽ വീണു.
നേരത്തെ സമാനമായ ഫ്രീകിക്ക് മൊറോക്കോ വലയിൽ എത്തിച്ചെങ്കിലും വാറിലൂടെ ഗോൾ നിഷേധിച്ചിരുന്നു. അവസാന മിനിറ്റുകളിൽ ഗോൾ വീണതോടെ ഉണർന്ന ബെൽജിയം, സൂപ്പർ താരം ലുക്കാക്കുവിനെ കളത്തിലിറക്കിയെങ്കിലും ഫലംകണ്ടില്ല. ഇഞ്ചുറി ടൈമിൽ മൊറോക്കോ രണ്ടാമതും വലകുലുക്കി വിജയം ആധികാരികമാക്കി. ഇതോടെ ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്തെത്താനും മൊറോക്കയ്ക്കായി.
മൊറോക്ക വിജയിക്കുന്ന മൂന്നാം ലോകകപ്പ് മത്സരം മാത്രമാണ് അല്‍ തുമാമ സ്റ്റേഡിയത്തിലേത്. ലോകകപ്പില്‍ അവര്‍ ആദ്യമായി ഒരു മത്സരം വിജയിക്കുന്നത് 1986-ലാണ്. പോര്‍ച്ചുഗലിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് അന്ന് പരാജയപ്പെടുത്തിയത്. മൊറോക്കോയുടെ രണ്ടാം ജയം 1998-ലോകകപ്പിലാണ്. അന്ന് സ്കോട്ലന്ഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് മൊറോക്കോ തകര്‍ത്തത്.
ബെൽജിയം ലൈനപ്പ്: തിബോ കോർട്ട്വാ, തിമോത്തി കാസ്റ്റാനി, ജാൻ വെർട്ടൻഗെൻ, ടോബി ആൾഡിവെറെൽഡ്, തോമസ് മ്യൂനിയർ, ആക്സൽ വിറ്റ്സെൽ, അമാഡൗ ഒനാന, തോർഗൻ ഹസാർഡ്, കെവിൻ ഡി ബ്യൂയിൻ, ഈഡൻ ഹസാർഡ്, മിഷി ബാഷ്വായി.
മൊറോക്കോ ലൈനപ്പ്: യാസീൻ ബൗനോ, അഷ്റഫ് ഹകീമി, നൗസൈർ മസ്റൂഇ, സുഫ്യാൻ അമ്രബാത്, നായിഫ് അഗ്വേഡ്, റൊമൈൻ സായ്സ്, ഹകീം സിയെച്ച്, അസ്സെദ്ദീൻ ഒനാഹി, സെലീം അമല്ലാ, സൗഫിയാൻ ബൗഫൽ, യൂസുഫ് അൽനെസൈരി.