ദോഹ: ആരാധകര്‍ക്ക് തിരിച്ചടി. ഖത്തര്‍ ലോകകപ്പില്‍ സെര്‍ബിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് അടുത്ത മത്സരം നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ സെര്‍ബിയയ്ക്കെതിരായ മത്സരത്തില്‍ നെയ്മറിന്റെ കാല്‍ക്കുഴയ്ക്ക് പരുക്കേറ്റിരുന്നു. ആദ്യ മത്സരത്തില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്പിച്ചിരുന്നു. 28-ാം തിയതി സ്വിറ്റ്സര്‍ലന്‍ഡിന് എതിരെയാണ് ബ്രസീലിന്റെ അടുത്ത കളി.
അതേസമയം, നെയ്മറിന്റെ പരുക്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മത്സരം പൂര്‍ത്തിയാവാന്‍ 11 മിനിറ്റ് ബാക്കിയിരിക്കെ പരിക്കേറ്റ കാലുമായി നെയ്മര്‍ വേദനയോടെ മൈതാനം വിടുകയായിരുന്നു. നെയ്മറുടെ കാലില്‍ നീര്‍ക്കെട്ടുണ്ടെന്നും സ്കാനിംഗ് വേണ്ടിവരുമെന്നും ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ താരം കളിക്കും എന്ന പ്രതീക്ഷയാണ് ബ്രസീലിയന്‍ പരിശീലകന് ടിറ്റെ പങ്കുവെച്ചത്.