റിയാദ്: സൗദി അറേബ്യയില്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. ലോകകപ്പ് ഫുട്‌ബോളില്‍ കരുത്തരായ അര്‍ജന്റീനയ്‌ക്കെതിരെ സൗദി അറേബ്യ അട്ടിമറി ജയം നേടിയതിന്റെ ആഘോഷത്തിന്റെ ഭാഗമാണിത്. സല്‍മാന്‍ രാജാവാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടത്.
അര്‍ജന്റീനയ്ക്കെതിരായ സൗദിഅറേബ്യയുടെ തകര്‍പ്പന്‍ വിജയത്തിന്റെ ആഘോഷത്തില്‍ പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാര്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനാണ് ദോഹയിലെ ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അർജന്റീനയെ സൗദി അറേബ്യ 2-1 ന് പരാജയപ്പെടുത്തുകയായിരുന്നു.
അർഹിച്ച വിജയം, പൊരുതി നേടിയ ജയം, ഇത് അറേബ്യൻ നാടിൻറെ വിജയമെന്ന് സൗദി അറേബ്യയെ പ്രകീർത്തിച്ച് ദുബായ് ഭരണാദികരിയും യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം. ടൂർണമെൻറിലെ ഫേവറൈറ്റുകളായ അർജൻറീനയെ അട്ടിമറിച്ച സൗദിയുടെ വിജയം അർഹിച്ചതാണെന്നും അറേബ്യൻ നാടിൻറെ സന്തോഷമാണിതെന്നും ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം പറഞ്ഞു.
ദുബായ് കിരീട അവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹമ്ദാൻ ബിൻ മൊഹമ്മദ് റാഷിദ് അൽ മഖ്തൂമും സൗദിയുടെ അട്ടിമറി വിജയത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. അർഹിച്ച വിജയം, പൊരുതി നേടിയ ജയം, ഇത് അറേബ്യൻ നാടിൻറെ വിജയം. ഞങ്ങളെ സന്തോഷിപ്പിച്ചതിന് സൗദി ദേശീയ ടീമിന് അഭിനന്ദനങ്ങൾ എന്നായിരുന്നു ദുബായ് ഭരണാധികാരിയുടെ പ്രസ്താവന.