കോഴിക്കോട്: കൊച്ചിയിൽ നടക്കുന്ന എട്ടാമത് ജന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് ഗ്ലോബല്‍ കോണ്‍ഫറന്‍സിൽ കോഴിക്കോട്, കോരാപ്പുഴയിൽ കക്കാ വാരൽ ഉപജീവനമാക്കിയ ജനതയുടെ പ്രശ്നങ്ങൾ ചർച്ചയായി.മത്സ്യബന്ധന, മത്സ്യകൃഷി മേഖലയിൽ ലിംഗ കേന്ദ്രീകൃത സമീപനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള സമ്മേളനമാണ് ഗാഫ്8.
പുരുഷന്മാർ കൂടുതലും കക്കാ വാരലിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സ്ത്രീകൾ കക്കാ സംസ്കരണത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നു.
ഭൂരിഭാഗം ആളുകൾക്കും സ്വന്തമായി വള്ളങ്ങൾ ഉള്ളതിനാൽ കക്കാ വാരൽ എളുപ്പമാകുന്നു. വർഷത്തിൽ അഞ്ചോ ആറോ മാസം നല്ല വരുമാനം ലഭിക്കും. ചില സമയങ്ങളിൽ കൃത്യമായ വരുമാനം ഇതിൽ നിന്ന് ലഭിക്കാതാകുന്നുമുണ്ട്.കക്കാ സംസ്കരണ സ്ഥലങ്ങളിലും മറ്റും ജോലി ചെയ്യുന്നതിനാൽ, സ്ത്രീകൾക്കും ഒരു സമ്പാദ്യം കണ്ടെത്താൻ സാധിക്കുന്നു. പാരമ്പര്യ രീതിയാണ് ഇപ്പോഴും കക്കാ നന്നാക്കലിൽ പിൻ തുടർന്ന് കൊണ്ടിരിക്കുന്നത്. ഇതിന് മാറ്റം വരേണ്ടതുണ്ട്. മണിക്കൂറുകൾ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോൾ സ്ത്രീകൾക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കക്കാ വൃത്തിയാക്കുന്നതിനും മറ്റും ന്യൂതന സംവിധാനങ്ങളുടെ ആവശ്യകത ഏറെയാണെന്നും സമ്മേളനം വിലയിരുത്തി.
ഹോട്ടലുകളിലും മറ്റും ചില സമയങ്ങളിൽ സ്റ്റോക്ക് തീരാത്ത പക്ഷം പുതിയ സ്റ്റോക്ക് എടുക്കാൻ തയ്യാറാവുകയില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കക്കാ കൃത്യമായി സൂക്ഷിക്കുന്നതിനും മറ്റുമുള്ള ന്യൂതന സംവിധാനങ്ങൾ അത്യാവശ്യമാണ് എന്നതാണ് പഠനം മുൻപോട്ട് വയ്ക്കുന്ന ആശയം. കോരാപ്പുഴയിലെ അത്തോളി കേന്ദ്രീകരിച്ച് നടത്തിയ പഠന റിപ്പോർട്ടാണ് ആഗോള സമ്മേളനത്തിൽ ചർച്ചയായത്.
മത്സ്യബന്ധനവും മത്സ്യകൃഷിയും ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ, സ്ത്രീകളുടെ വിവിധ പ്രശ്നങ്ങൾക്ക് ഇന്നും കൃത്യമായ പരിഹാരം കണ്ടിട്ടില്ല എന്നും, ഗാഫ് 8 കോൺഫറൻസിൽ അവതരിപ്പിച്ച പഠനം പറയുന്നു.
സുസ്ഥിര മത്സ്യബന്ധന,മത്സ്യകൃഷി രംഗത്ത് ലിംഗനീതി ഉറപ്പാക്കുക എന്നതാണ് ഇത്തവണത്തെ ആഗോള കോണ്‍ഫറന്‍സിന്റെ പ്രമേയം. ഫിഷറീസ് മേഖലയിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും ചര്‍ച്ചയാകും. അക്വ, ഫിഷറീസ് രംഗങ്ങളില്‍ ലിംഗനീതിയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പ്രയോഗികമായ പരിഹാരം കാണാനും കോണ്‍ഫറന്‍സ് ലക്ഷ്യമിടുന്നു. വിവിധ രാജ്യങ്ങളിൽ നിന്നും 300ലധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. നവംബർ 20ന് ആരംഭിച്ച സമ്മേളനം 23ന് അവസാനിക്കും.