ദോഹ: സ്വാതന്ത്ര്യത്തിനായി സ്വന്തം രാജ്യത്ത് സ്ത്രീകൾ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാൻ ഫുട്ബോൾ ടീമംഗങ്ങൾ. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ടുമായുള്ള മത്സരത്തിന് മുന്നോടിയായി ടീമുകൾ ലൈനപ് ചെയ്തശേഷം ലൗഡ് സ്പീക്കറിൽ ദേശീയഗാനം മുഴങ്ങിയെങ്കിലും ഇറാൻ ടീമിലെ 11 പേരും ദേശീയഗാനം ആലപിക്കാൻ കൂട്ടാക്കിയില്ല.
മെഹ്സ അമീനിയുടെ മരണത്തെത്തുടര്‍ന്ന് ഇറാനിലാകെ കത്തിപ്പടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്ന് ടീം ഇറാന് വിട്ടുനിന്നത്. ഇത് തങ്ങള്‍ ഒരുമിച്ചെടുത്ത് തീരുമാനമാണെന്ന് ഇറാന് ക്യാപ്റ്റന്‍ അലിറിസ ജഹാന് ബാഖ്ഷ് പറഞ്ഞു.
സ്ത്രീകള്‍, ജീവന്, സ്വാതന്ത്ര്യം എന്നെഴുതിയ പ്ലകാര്‍ഡുകളുമായാണ് പല കാണികളുമെത്തിയത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് വലിയ പിന്തുണ നല്കിയ ഇറാനിയന്‍ മുന്‍ ഫുട്ബോള്‍ താരം അലി കരിമിയുടെ പേരും പലവട്ടം അന്തരീക്ഷത്തില്‍ മുഴങ്ങി.
“വിമൻ, ലൈഫ്, ഫ്രീഡം’ എന്നെഴുതിയ വൻ ബാനറുമായാണ് ആരാധകർ സ്റ്റേഡിയത്തിൽ പ്രതിഷേധം പരസ്യമാക്കിയത്. സ്റ്റേഡിയത്തിനു പുറത്ത് “ഫ്രീ ഇറാൻ’, “റൈസ് വിത്ത് ദ വിമൻ ഓഫ് ഇറാൻ’ എന്നിങ്ങനെ എഴുതിയ ടീഷർട്ടുകളും ധരിച്ച് പ്രതിഷേധിക്കുന്ന ആരാധകരെയും കാണാനായി.
ദേശീയ ഗാനാലാപനത്തിന്റെ സമയത്തെ ടീമംഗങ്ങളുടെ മൗനം പരിഷ്കരണവാദികളായ ഇറാനിയന്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായെങ്കിലും സര്‍ക്കാര്‍ അനുകൂല വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇംഗ്ലണ്ടിനോട് ഇന്ന് 6-2 എന്ന നിലയിലാണ് ഇറാന് പരാജയപ്പെട്ടത്.