ദോഹ: ഖത്തർ ലോകകപ്പിൽ ഗോള്‍ മഴ പെയ്യിച്ച് ഇംഗ്ലണ്ട്. ഇറാനെ രണ്ടിനെതിരെ ആറുഗോളുകൾക്ക് ഇംഗ്ലണ്ട് തകർത്തുവിട്ടു. ഇംഗ്ലണ്ടിനായി ബുക്കായോ സാക്ക ഇരട്ട ഗോൾ നേടിയപ്പോൾ ജുഡ് ബെലിംഗാം, റഹിം സ്റ്റെർലിംഗ്, മാർകസ് റാഷ്ഫോർഡ്, ജാക് ഗ്രീലിഷ് എന്നിവർ ഓരോ ഗോൾ നേടി.
മത്സരത്തിന്റെ തുടക്കം മുതല്‍ അക്രമിച്ച് കളിച്ച ഇംഗ്ലണ്ട് 31-ാം മിനിറ്റ് മുന്നിലെത്തി. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ ഗോള്‍ കണ്ടെത്തിയ ഇംഗ്ലണ്ടിനെതിരെ ഇറാന് പിടിച്ചുനില്‍ക്കാനായില്ല.
മെഹ്തി തരേമിയാണ് ഇറാന്റെ ആശ്വാസ ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിലായിരുന്ന ഇംഗ്ലീഷുകാർ രണ്ടാം പകുതിയിൽ ഗോൾ എണ്ണം ആറാക്കി.
ആദ്യ പകുതിയിൽ സമ്പൂർണ ഇംഗ്ലീഷ് ആധിപത്യമാണ് കണ്ടത്. ഒരിക്കൽപോലും ഇറാന് ഇംഗ്ലീഷ് ബോക്സിലേക്ക് എത്തിനോക്കാനായില്ല.
രണ്ടാം പകുതിയില്‍ ഇറാന് തുടക്കത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തി. 62ാം മിനുറ്റില്‍ ഇംഗ്ലണ്ട് ലീഡ് നാലാക്കി. ബുക്കായോ സാക്കയാണ് ഒരിക്കല്‍ കൂടി വലചലിപ്പിച്ചത്. എന്നാല്‍ 65ാം മിനുറ്റില്‍ ഇറാന് തരേമിയിലൂടെ ഒരു ഗോള്‍ മടക്കി. പകരക്കാരാനായി എത്തിയ റാഷ് ഫോര്‍ഡ് ഇംഗ്ലണ്ട് സ്കോര്‍ അഞ്ചാക്കി. കളി അവസാനിക്കാനിരിക്കെ മറ്റൊരു പകരക്കാരന് ഗ്രീലിഷും സ്കോര്‍ ചെയ്തതോടെ ഇംഗ്ലണ്ടിന്റെ ഗോള്‍ നേട്ടം ആറായി. ഇന്‍ജുറി ടൈമിന്റെ 11-ാം മിനിറ്റില്‍ ഇറാന് അനുകൂലമായി വാറിന്റെ സഹായത്തോടെ റഫറി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത മെഹ്ദിക്ക് പിഴച്ചില്ല. നിലംപറ്റെയുള്ള ഷോട്ട് വലക്കുള്ളില്‍. സ്കോര്‍ 6-2.