തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് രണ്ട് അന്താരാഷ്ട്ര സർവീസ് കൂടി തുടങ്ങുന്നു. തിരുവനന്തപുരം- ബഹ്റൈൻ സർവീസ് ഈ മാസം 30 മുതലും തിരുവനന്തപുരം-ദമാം സർവീസ് ഡിസംബർ ഒന്നു മുതലും ആരംഭിക്കും.
തിരുവനന്തപുരം-ബഹ്റൈൻ സർവീസ് ബുധൻ, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 05.35നു പുറപ്പെട്ട് 08.05ന് (പ്രാദേശിക സമയം) എത്തിച്ചേരും. തിരികെ ബഹ്റൈനിൽ നിന്ന് രാത്രി 09.05 നു പുറപ്പെട്ട് പുലർച്ചെ 04.25ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരം-ദമാം വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകുന്നേരം 05.35ന് പുറപ്പെട്ട് 08.25ന് എത്തും. തിരികെ ദമാമിൽ നിന്ന് രാത്രി 09.25ന് പുറപ്പെട്ടു പുലർച്ചെ 05.05ന് എത്തിച്ചേരും.180 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737-800 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക.
രണ്ട് സർവീസുകൾക്കും ബുക്കിംഗ് ആരംഭിച്ചു. തിരുവനന്തപുരം- ബഹ്റൈൻ സെക്ടറിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ എയർലൈൻ ആയിരിക്കും എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫ് എയർ ഈ റൂട്ടിൽ ആഴ്ചയിൽ 7 സർവീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം- ദമാം സെക്ടറിൽ ഇത് ആദ്യ സർവീസാണ്.