ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ ഖത്തറിലെ അല്‍ഖോറിലുള്ള അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ പരിപാടികളോടെ നടന്നു. ആയിരിക്കണക്കിനാളുകളാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി വൈകിട്ട് മുതല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു.
കാല്‍പ്പന്തിന്റെ വിശ്വമേളയുടെ ആവേശങ്ങളത്രയും പ്രതിഫലിപ്പിക്കുന്നതായിരുന്നു അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലെ ഉദ്ഘാടനചടങ്ങ്. സംഗീതവും നൃത്തവും മറ്റു കലാപ്രകടനങ്ങളും കൈകോർക്കുന്നതായിരുന്നു ഉദ്ഘാടനചടങ്ങ്. മുന്‍ ഫ്രാന്‍സ്താരം മാഴ്സല്‍ ഡെസൈലി ലോകകപ്പ് കിരീടം പ്രദര്‍ശിപ്പിച്ചു. പ്രശസ്ത സിനിമാ താരം മോര്ഗന് ഫ്രീമാനും ചടങ്ങില്‍ അണിനിരന്നു. പ്രതീക്ഷകളേയും ഐക്യത്തേയും പ്രതിപാദിച്ചു കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അതിനിടയില്‍ ഗാലറികളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഫ്ലാഷ് ലൈറ്റുകള്‍ തെളിച്ചു.
ദക്ഷിണകൊറിയയിലെ സംഗീത ബാൻഡായ ബി.ടി.എസിലെ ശ്രദ്ധേയനായ ജങ്കുക്ക് സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടേയും ദേശീയപതാകകള്‍ വേദിയില്‍ പാറി നടന്നു.
ലോകകപ്പില്‍ ഇന്ന് ഒരു മത്സരം മാത്രമാണുള്ളത്. നാളെ വൈകിട്ട് 6.30ന് യൂറോ കപ്പ് ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും സെനഗലും തമ്മില്‍ ഏറ്റുമുട്ടും. 9.30ന് നടക്കുന്ന മത്സരത്തില്‍ സെനഗലും ഹോളണ്ടുമാണ് മത്സരിക്കുക. രാത്രി 12.30ന് നടക്കുന്ന മൂന്നാം മത്സരത്തില്‍ യു.എസ്.എ, വെയില്‍സിനെ നേരിടും.
ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ ടീമായ എക്വഡോറും തമ്മിലാണ് ഉദ്ഘാടനമത്സരം. അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിനൊരുങ്ങുന്ന ഖത്തറും ഇക്വഡോറും ടീം പ്രഖ്യാപിച്ചു. പ്രതിരോധത്തിലൂന്നിയാണ് ഖത്തര്‍ ടീം. 5-3-2 എന്ന ഫോർമാറ്റാണ് ഖത്തറിന്റേത്. 4-4-2 എന്ന ഫോർമാറ്റിൽ ഇക്വഡോറും. ആദ്യ നിമിഷങ്ങളിൽ തന്നെ മുൻതൂക്കം സ്ഥാപിക്കാനാവും ഇരു ടീമുകളും ശ്രമിക്കുക. ഇറ്റലിക്കാരനായ ഡാനിയേൽ ഒർസറ്റോയാണ് കളി നിയന്ത്രിക്കുന്നത്.
ഖത്തർ ടീം ഇങ്ങനെ: സാദ് അൽഷീബ്; പെഡ്രോ മിഗുവേൽ, ബൗലേം ഖൗഖി, ബാസം ഹിഷാം, അബ്ദുൽകരീം ഹസ്സൻ, ഹമാം അഹമ്മദ്; അബ്ദുൽ അസീസ് ഹാതം, ഹസ്സൻ അൽഹൈദോസ്, കരീം ബൗദിയാഫ്; അക്രം അഫീഫ്, അൽമോസ് അലി.
ഇക്വഡോര്‍ ടീം ഇങ്ങനെ: ഗലിൻഡസ്; പ്രെസിയാഡോ, ടോറസ്, ഹിൻകാപ്പി, എസ്റ്റുപിനാൻ; പ്ലാറ്റ, മെൻഡെസ്, കൈസെഡോ, ഇബാര; വലെൻസിയ, എസ്ട്രാഡ.
കണക്കിൽ ഖത്തറും ഇക്വഡോറും ഏതാണ്ട് തുല്യ ശക്തികളാണ്. ഫിഫ റാങ്കിംഗിൽ ഇക്വഡോർ 44-ാം സ്ഥാനത്താണെങ്കിൽ ഖത്തർ 50-ാം സ്ഥാനത്താണ്. ചരിത്രത്തിൽ ആദ്യമായാണ് ഖത്തർ ലോകകപ്പിൽ പന്ത് തട്ടുന്നത്.