സൗദി വിസ ലഭിക്കുന്ന ഇന്ത്യൻ പൗരന്മാർ ഇനി മുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ല. പുതിയ പ്രഖ്യാപനം സൌദിയിൽ ജോലി അന്വേഷിക്കുന്ന ഇന്ത്യക്കാർക്ക് ഏറെ പ്രയോജനകരമാകും.
ഡൽഹിയിലെ സൗദി കോൺസുലേറ്റ് ഏർപ്പെടുത്തിയിരുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്താണ് നിബന്ധന പിൻവലിച്ചതെന്ന് ന്യൂഡൽഹിയിലെ സൗദി എംബസി ട്വീറ്റ് ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. സൗദിയിൽ സന്തോഷത്തോടെ ജീവിക്കുന്ന രണ്ട് ദശലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായും എംബസി പറഞ്ഞു.