പത്തനംതിട്ട: ശബരിമല മണ്ഡലകാലത്ത് 1000 സ്പെഷ്യൽ പൊലീസിനെ നിയമിക്കാനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശക്ക് സർക്കാർ അനുമതി നൽകി. വനിതകൾ അടക്കമുള്ളവരെ താല്കാലികമായാണ് നിയമിക്കുക. 660 രൂപ ദിവസവേതനത്തിന്റെ അടിസ്ഥാനത്തിൽ 60 ദിവസത്തേക്കാണ് നിയമനം.
വിമുക്തഭടന്മാർ, വിരമിച്ച പൊലീസുകാർ, എൻ.സി.സി കേഡറ്റ്സ് എന്നിവരെയാണ് നിയമിക്കുക. വനിതകളെ അടക്കം നിയോഗിക്കാനാണ് തീരുമാനം.
കൂടാതെ, ശബരിമല ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കുളള മെസ് ഫീസും സർക്കാർ ഏറ്റെടുത്തു. ഇതിനായി രണ്ട് കോടി 87 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പൊലീസുകാരിൽ നിന്ന് തുക ഈടാക്കി മെസ് നടത്താനുള്ള ആഭ്യന്തര സെക്രട്ടറിയുടെ മുൻ ഉത്തരവ് പിൻവലിച്ചുകൊണ്ടാണ് നടപടി.
മണ്ഡല – മകരവിളക്ക് ഉത്സവങ്ങളോട് അനുബന്ധിച്ച് ശബരിമലയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പൊലീസിന്റെ ആദ്യസംഘം ചുമതലയേറ്റു. ശബരിമല പൊലീസ് സ്പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ ആദ്യ ബാച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് മാർഗ നിർദേശം നൽകി.
തീർത്ഥാടകർക്ക് സുഗമമായ ദർശനവും തൃപ്തിയോടെ തൊഴുതിറങ്ങാനുള്ള സൗകര്യവും ഒരുക്കുകയാണ് സേനയുടെ ദൗത്യമെന്ന് എഡിജിപി എം ആർ അജിത്ത് കുമാർ ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു. പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനം ഈ ഉത്സവ കാലം വിജയകരമാക്കുമെന്ന് ശബരിമല പൊലീസ് സ്പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ പറഞ്ഞു.
സന്നിധാനത്തും പരിസരത്തുമായി 1,250 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ശബരിമല സ്പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ, അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർ ആർ. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സന്നിധാനത്തെ പൊലീസ് സേന വിന്യാസം. 980 സിവിൽ പൊലീസ് ഓഫീസർമാർ, 110 എസ്ഐ, എഎസ്ഐമാർ,30 സിഐമാർ, 12 ഡിവൈഎസ്പിമാർ എന്നിവരടങ്ങിയ സംഘത്തിനാണ് സുരക്ഷാ ചുമതല.
10 ദിവസം പൂർത്തിയാകുമ്പോൾ പുതിയ ഉദ്യോഗസ്ഥർ ചുമതലയേൽക്കും. കേരള പൊലീസിന്റെ കമാൻഡോ വിഭാഗം, സ്പെഷ്യൽ ബ്രാഞ്ച്, വയർലസ് സെൽ, ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സേവനമനുഷ്ഠിക്കുന്നുണ്ട്.
ഇതിനിടെ ശബരിമലയിലെ കൈപ്പുസ്തകം പിൻവലിച്ചു. പൊലീസുകാര്ക്ക് നൽകിയ പൊതുനിര്ദ്ദേശങ്ങളടങ്ങിയ കൈപ്പുസ്തകം വിവാദമായതോടെയാണ് പിൻവലിച്ചത്. സുപ്രിംകോടതി വിധി പ്രകാരം എല്ലാ തീർത്ഥാടകർക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന കൈപ്പുസ്തകത്തിലെ നിർദ്ദേശമാണ് വിവാദമായത്.