കൊച്ചി: സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരത്തിന് പിന്നാലെ സോമാറ്റോ ജീവനക്കാരും സമരത്തിലേക്ക്. മിനിമം വേതന നിരക്ക് വര്‍ധനവിലുള്‍പ്പടെ ലേബര്‍ കമ്മീഷന്‍ ഇടപെടല്‍ ഉണ്ടാകണമെങ്കില്‍ ഒരുമിച്ചുള്ള സമരം വേണമെന്നാണ് വിലയിരുത്തല്‍.
നേരത്തെ സ്വിഗ്ഗി വിതരണക്കാര്‍ കൊച്ചിയില്‍ സമരമിരിക്കുമ്പോഴും സൊമാറ്റോ വിതരണക്കാര്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഒരുമിച്ചുള്ള സമരം കൊണ്ട് മാത്രമെ ഫലമുണ്ടാകൂ എന്ന വിലയിരുത്തലിലാണ് സൊമാറ്റോ വിതരണക്കാരും സമരത്തിന് നീങ്ങുന്നത്.
മൂന്നാം ദിവസവും തുടരുന്ന സ്വിഗ്ഗി ജീവനക്കാരുടെ സമരം നഗരത്തിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തെ സാരമായി ബാധിച്ചു.ജീവനക്കാര്‍ക്ക് മതിയായ വേതനം ലഭിക്കാത്തതും തൊഴില്‍ ചൂഷണവും ഉന്നയിച്ചാണ് സ്വിഗ്ഗി വിതരണക്കാര്‍ സമരം തുടങ്ങിയത്. ലേബര്‍ കമ്മീഷണറുമായുള്ള ആദ്യ ഘട്ട ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം അനിശ്ചിത കാലമായി നീട്ടി.