അബുദാബി: പ്രമുഖ ഫുഡ് ഡെലിവറി സേവനദാതാക്കളായ സൊമാറ്റോ യുഎഇയിൽ സേവനം അവസാനിപ്പിക്കുന്നു. നവംബര്‍ 24 മുതലാണ് സൊമാറ്റോ സേവനം അവസാനിപ്പിക്കുന്നത്. റസ്റ്ററൻറ് രംഗത്തേക്ക് സേവനം വിപൂലീകരിക്കുന്നതിൻറെ ഭാഗമായാണ് ഭക്ഷണവിതരണ രംഗത്ത് നിന്ന് പിൻവാങ്ങുന്നത്.
സൊമാറ്റോയുടെ ഉപഭോക്താക്കളെ മറ്റൊരു ഭക്ഷണവിതരണ സേവനദാതാക്കളായ തലബാത്തുമായി ബന്ധിപ്പിക്കും. സൊമാറ്റോ ആപ്പില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ നവംബര്‍ 24 മുതല്‍ തലബാത്ത് ആപ്പിലേക്ക് റീഡയറക്ട് ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.
2019ല്‍ യുഎഇയിലെ ഫുഡ് ഡെലിവറി ബിസിനസ് 172 ദശലക്ഷം ഡോളറിന് സൊമാറ്റോ തലബാത്തിന് വില്‍പ്പന നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കം. അതേസമയം, ഫുഡ് ഡെലിവറി സേവനം നിര്‍ത്തിവയ്ക്കുമെങ്കിലും സൊമാറ്റോ അതിന്റെ റെസ്റ്റോറന്റുകളും ഡൈനിംഗ് ഔട്ട് ബിസിനസ്സും വികസിപ്പിക്കുന്നത് തുടരുമെന്നും സൊമാറ്റോയുടെ പാര്‍ട്ണര്‍ റെസ്റ്റോറന്റുകള്‍ക്ക് കമ്പനി അയച്ച ഇമെയിലില്‍ പറയുന്നു. സൊമാറ്റോ ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട് നല്കാന് ബാക്കിയുള്ള കുടിശ്ശിക 2022 ഡിസംബര്‍ 30-നകം നല്‍കും.
അതേപോലെ, പരസ്യങ്ങള്‍ നല്‍കുന്നതിനായി നല്‍കിയിട്ടുള്ള സാധുവായതും ഉപയോഗിക്കാത്തതുമായ ക്രെഡിറ്റ് നോട്ടുകള്‍ക്കുള്ള എല്ലാ തുകയും റസ്റ്റോറന്റുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് റീഫണ്ട് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.