ലോകജനസംഖ്യ ഇന്ന് 800 കോടി ആകും. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 2030 ഓടെ ആഗോള ജനസംഖ്യ ഏകദേശം 8.5 ബില്യണ്‍ ആകുമെന്നാണ് പുതിയ കണക്കുകള്‍. 2050-ഓടെ ലോകജനസംഖ്യ 9.7 ബില്യണും 2100-ഓടെ 10.4 ബില്യണും ആയിരിക്കുമെന്നും യുഎന്‍ കണക്കാക്കിയിട്ടുണ്ട്. പ്രതിശീര്‍ഷ വരുമാനം ഏറ്റവും കുറവുള്ള രാജ്യങ്ങളിലാണ് ജനനനിരക്ക് വര്‍ദ്ധിച്ചു വരുന്നത്. 2023ല്‍ ചൈനയെ പിന്നിലാക്കി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും.
അതേസമയം, 1950-നുശേഷം, ജനസംഖ്യാ വളര്‍ച്ചയുടെ വേഗത വളരെ മന്ദഗതിയിലാണ്. 2020ലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ഒരു ശതമാനത്തില്‍ താഴെയാണ്. ജനസംഖ്യയുമായി ബന്ധപ്പെട്ട് 2022-ല്‍ പുറത്തുവന്ന ഐക്യരാഷ്ട്രസഭയുടെ ഈ കണക്ക് പ്രകാരം, കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ പല രാജ്യങ്ങളിലും പ്രത്യുല്‍പാദനക്ഷമത ഇടിഞ്ഞിട്ടുണ്ട്. ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗം സ്ത്രീകളുടെയും പ്രത്യുല്‍പാദന ശേഷി നിരക്ക് 2.1 ശതമാനത്തില്‍ താഴെയാണ്.
















