ദുബായ്: ഐസിസി ട്വന്റി 20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. 869 പോയിന്റുമായാണ് സൂര്യകുമാര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. അർഷ്ദീപ് സിങ് നില മെച്ചപ്പെടുത്തി 23ാം സ്ഥാനത്തെത്തി.
5 മത്സരങ്ങളിൽ നിന്ന് 225 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. 200 ആണ് ശരാശരി സ്ട്രൈക്ക് റേറ്റ്. രണ്ടാം സ്ഥാനത്തുള്ള പാക് താരം മുഹമ്മദ് റിസ്വാനെക്കാൾ 39 പോയിന്റിന് മുന്നിലാണ് സൂര്യ. കളിയിൽ തിരിച്ചുവരവ് നടത്തിയ കെ എൽ രാഹുൽ അഞ്ച് സ്ഥാനം ഉയർത്തി പതിനാറാമതെത്തി. വിരാട് കോലി പതിനൊന്നാമതും രോഹിത് ശർമ പതിനെട്ടാമതുമാണ്.
ന്യൂസീലന്‍ഡിന്റെ ഡെവൺ കോൺവേയ്, പാകിസ്ഥാന് നായകന് ബാബര്‍ അസം,ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ എയ്ഡന്‍ മര്‍ക്രാം എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍.
നാല് സ്ഥാനം ഉയർത്തിയാണ് അർഷ്ദീപ് ബോളർമാരിൽ ഇരുപത്തിമൂന്നാം സ്ഥാനത്തെത്തിയത്. ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരങ്കയാണ് ബോളർമാരിൽ ഒന്നാം സ്ഥാനത്തുള്ളത്. ട്വന്റി 20 സൂപ്പർ 12 മത്സരങ്ങളിൽ 15 വിക്കറ്റാണ് ഹസരങ്ക വീഴ്ത്തിയത്. അഫ്ഗാന് സ്പിന്നര്‍ റാഷീദ് ഖാനെ പിന്തള്ളിയ ഹസരംഗ, 2021 നവംബറിന് ശേഷം ആദ്യമായി ഒന്നാം സ്ഥാനം സ്വന്തമാക്കി. ആദ്യ പത്തിൽ ഇന്ത്യന്‍ ബൗളര്‍മാര്‍ ആരുമില്ല.
12-ാം സ്ഥാനത്തുള്ള ഭുവനേശ്വര്‍ കുമാറും 13ആം റാങ്കിലുള്ള ആര്. അശ്വിനുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നിൽ. ഓള് റൗണ്ടര്‍മാരുടെ പട്ടികയിൽ ഷാക്കിബ് അൽ ഹസന് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ടീം റാങ്കിംഗില്‍ ഇന്ത്യയും ഒന്നാം സ്ഥാനം നിലനിര്‍ത്തി.