ദുബൈ: യു.എ.ഇയിൽ മുഴുവൻ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചു. കൊവിഡ് പൂര്‍ണമായും നിയന്ത്രണവിധേയമായതോടെയാണ് രണ്ടര വര്‍ഷത്തോളമായി രാജ്യത്ത് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചത്. തിങ്കളാഴ്ച (നവംബര്‍ 7) രാവിലെ ആറു മണി മുതല്‍ നിയന്ത്രണം ഒഴിവാക്കിയത് നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വക്താവ് പത്ര സമ്മേളനത്തില്‍ അറിയിച്ചു.
നാളെ മുതൽ പൊതുസ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് ആവശ്യമില്ല. മാസ്ക് ആരോഗ്യകേന്ദ്രങ്ങളിൽ മാത്രം ധരിച്ചാൽ മതിയെന്നും ദേശീയ ദുരന്തനിവരാണ സമിതി വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് കാണിക്കേണ്ടതില്ല. വാക്സിൻ സ്വീകരിച്ചതിന്റെ തെളിവ് കാണിക്കാൻ മാത്രമായിരിക്കും ഇനി അൽഹൊസൻ ആപ്പ് ഉപയോഗിക്കുക. ആരോഗ്യകേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർ മാത്രമേ മാസ്ക ധരിക്കേണ്ടതുള്ളു. പള്ളികളിൽ നമസ്കരിക്കാനെത്തുന്നവർ സ്വന്തം മുസല്ല കൊണ്ടുവരണമെന്നും ഇനി നിർബന്ധമില്ല.
രാജ്യത്തെ പി.സി.ആർ പരിശോധനാ കേന്ദ്രങ്ങളും, കോവിഡ് ചികിത്സാ കേന്ദ്രങ്ങളും പ്രവർത്തനം തുടരും. കോവിഡ് ബാധിതർ അഞ്ചുദിവസം നിർബന്ധമായും ഐസൊലേഷനിൽ തുടരണമെന്നും ദുരന്തനിവരാണ സമിതി വ്യക്തമാക്കി. എന്നാൽ കായികപരിപാടികളും മറ്റും സംഘടിപ്പിക്കുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റോ, മുൻകൂർ പരിശോധനാ ഫലമോ പരിപാടികളുടെ സ്വഭാവമനുസരിച്ച് ആവശ്യപ്പെടാമെന്നും അധികൃതർ പറഞ്ഞു.