ഹിമാചൽ പ്രദേശിൽ ബിജെപിയുടെ പ്രകടന പത്രിക പുറത്ത് . ഷിംലയിൽ നടന്ന ചടങ്ങിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ബിജെപി പ്രതിജ്ഞാബദ്ധമായ ലക്ഷ്യങ്ങൾ തിരിച്ചറിയുക മാത്രമല്ല, വാഗ്ദാനം ചെയ്യാത്തവ കൂടി നേടിയെടുക്കുകയും ചെയ്തുവെന്ന് പത്രിക പ്രകാശനം ചെയ്ത് നദ്ദ പറഞ്ഞു.
‘ഈ പ്രകടന പത്രിക 11 പ്രമേയങ്ങളിലാണ് നിലകൊള്ളുന്നത്. ഈ വാഗ്ദാനങ്ങൾ സമൂഹത്തിൽ ഏകത്വം കൊണ്ടുവരും, യുവാക്കളെയും കർഷകരെയും ശാക്തീകരിക്കും, ഹോർട്ടികൾച്ചർ ശക്തിപ്പെടുത്തും, സർക്കാർ ജീവനക്കാർക്ക് നീതി നൽകുകയും മതപരമായ ടൂറിസം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും,’ ബിജെപി ദേശീയ അധ്യക്ഷൻ പറഞ്ഞു.
ഏകീകൃത സിവിൽ കോഡ്, സ്ത്രീശാക്തീകരണം തുടങ്ങിയവ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ യൂണിഫോം സിവിൽ കോഡ് (യുസിസി) നടപ്പാക്കും. അത് അവലോകനം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ഒരു വിദഗ്ധ സമിതി തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുകയെന്നും നദ്ദ പറഞ്ഞു.