മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ കെഎം ഷാജി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ ലംഘിച്ചെന്ന് ഫണ്ട് സ്വീകരിച്ചതെന്ന് വിജിലൻസ് റിപ്പോർട്ട്. കെഎം ഷാജി കോടതിയിൽ സമർപ്പിച്ച രേഖകൾ സഹിതം തിരഞ്ഞെടുപ്പ് കമ്മീഷന് വിജിലൻസ് റിപ്പോർട്ട് നൽകി. തന്റെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നും ഇത് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് കെഎം ഷാജി സമർപ്പിച്ച ഹർജി വിജിലൻസ് കോടതി തള്ളിയിരുന്നു.
ഈ ഹർജിയിൽ തന്റെ വാദം തെളിയിക്കാൻ ഷാജി സമർപ്പിച്ച രേഖകൾ ഉൾപ്പെടെയാണ് ഇപ്പോൾ വിജിലൻസ് സംഘം തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിരിക്കുന്നത്.തന്റെ വാദം തെളിയിക്കാൻ 20,000 രൂപയുടെ അടക്കം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രസീതുകളും തെളിവായി ഷാജി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദേശ പ്രകാരം തിരഞ്ഞെടുപ്പ് ഫണ്ട് വാങ്ങുമ്പോള്‍ പതിനായിരം രൂപക്ക് മുകളില്‍ പണമായി കൈപ്പറ്റാന്‍ പാടില്ലെന്നാണ് ചട്ടം. ഇതും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.