അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്ക്കാന് ബി.ജെ.പി ഓഫറുമായി സമീപിച്ചെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. തെരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത വ്യത്യസ്ത കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട ആം ആദ്മി മന്ത്രിമാരായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന് എന്നിവരെ കേസുകളില്‍ നിന്നും ഒഴിവാക്കാം എന്നായിരുന്നു ബി.ജെ.പി വാഗ്ദാനം എന്നാണ് കെജ്രിവാളിന്റെ ആരോപണം. എന്‍.ഡി.ടി.വിക്ക് നല്കിയ പ്രത്യേക അഭിമുഖ പരിപാടിയിലാണ് കെജ്രിവാളിന്റെ ബി.ജെ.പിക്കെതിരായ ഗുരുതര ആരോപണം.
‘ആം ആദ്മി പാര്‍ട്ടി വിട്ടാല്‍ ഡല്‍ഹി മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം മനീഷ് സിസോദിയ നിരസിച്ചതിന് പിന്നാലെ ഇപ്പോള്‍ അവര്‍ എന്നെ സമീപിച്ചിരിക്കുകയാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് പിന്മാറിയാല് രണ്ടുമന്ത്രിമാരേയും കേസുകളില്‍ നിന്നും മുക്തരാക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു.’- കെജ്രിവാള് പറഞ്ഞു.
ആരാണ് വാഗ്ദാനവുമായി സമീപിച്ചതെന്ന് ചോദിച്ചപ്പോള്‍, തന്റെ തന്നെ കൂട്ടത്തിലെ ഒരാളെ എങ്ങനെയാണ് പറയുക എന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. എ.എ.പിയിലെ തന്നെ ചിലരിലൂടെയാണ് ബി.ജെ.പി. തന്നെ സമീപിച്ചത്. ഒരിക്കലും നേരിട്ട് സമീപിച്ചിട്ടില്ലെന്നും അദ്ദേഹം നല്കി. ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് കൈമാറി നിങ്ങളുടെ സുഹൃത്ത് വഴി അവസാനം സന്ദേശം നിങ്ങളിലേക്ക് എത്തിക്കുകയാണ് ബി.ജെ.പി. രീതിയെന്നും കെജ്രിവാള് ആരോപിച്ചു.
ഗുജറാത്തില്‍ പരാജയപ്പെടുമെന്ന് ബി.ജെ.പി ഭയപ്പെടുന്നുണ്ടെന്നും ആം ആദ്മി ഗുജറാത്തില്‍ എന്തായാലും അധികാരത്തിലേറുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും കോണ്‍ഗ്രസും പരസ്പര സഹകരണത്തിലാണ് കഴിയുന്നതെന്നും അതിലൂടെ ആം ആദ്മിയെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു. മനീഷ് സിസോദിയക്കും സത്യേന്ദര്‍ ജെയിനും എതിരെ ചുമത്തിയ കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും കെജ്രിവാള് വ്യക്തമാക്കി.
ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ചു വരെയാണ് ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് അരങ്ങേറുന്നത്. ഡിസംബര്‍ എട്ടിന് മത്സര ഫലങ്ങള്‍ പ്രഖ്യാപിക്കും.