കൊല്ലം: ട്രെയിൻ യാത്രക്കിടെ പെണ്‍കുട്ടികള്‍ക്കെതിരെ അശ്ലീല പ്രകടനം നടത്തിയയാള്‍ പിടിയിൽ. കരുനാഗപ്പള്ളി സുനാമി കോളനി സ്വദേശി ജയകുമാറിനെയാണ് റെയിവേ പൊലീസ് പിടികൂടിയത്.
ഇന്നലെ തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്കുള്ള യാത്രക്കിടെയാണ് സഹോദരിമാർക്ക് നേരെ ഇയാള്‍ അശ്ലീല പ്രകടനം കാണിച്ചത്. ഇയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. റെയില്‍വേ സ്റ്റേഷന്റെ പരിസരത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
‘ശൗചാലയത്തിന് സമീപം നില്‍ക്കുകയായിരുന്ന ഇയാള്‍ സഹോദരിയെ നോക്കിയാണ് ആദ്യം അശ്ലീലപ്രദര്‍ശനം നടത്തിയത്. ഇതോടെ അവള് മൊബൈലില്‍ വീഡിയോ പകര്‍ത്തി. തുടര്‍ന്ന് ഫോണ്‍ എനിക്ക് കൈമാറിയതോടെയാണ് ഞാന്‍ സംഭവം ശ്രദ്ധിക്കുന്നത്. ഞങ്ങള്‍ വീഡിയോ പകര്‍ത്തിയെന്ന് മനസിലാക്കിയ അയാള്‍ കഴക്കൂട്ടം സ്റ്റേഷനില്‍ ഇറങ്ങി മറ്റൊരു ബോഗിയില്‍ കയറി. പിന്നീട് വര്‍ക്കല സ്റ്റേഷനില്‍ ഇറങ്ങി ഇയാള്‍ പുറത്തേക്ക് പോകുന്നതാണ് കണ്ടത്’- പെണ്‍കുട്ടി പറഞ്ഞു.
പെണ്‍കുട്ടി കൈമാറിയ ദൃശ്യങ്ങള്‍ ഒരു സുഹൃത്താണ് നവമാധ്യമങ്ങളിൽ പങ്കുവച്ചത്. ഈ ദൃശ്യം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ റെയിൽവെ പൊലീസ് സ്വമേധായ കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കരുനാഗപ്പള്ളി സ്വദേശി ജയകുമാറാണെന്ന് കണ്ടെത്തിയത്.