തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 4 മുതൽ നവംബർ 6 വരെയുള്ള തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച കണ്ണൂര്‍, കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും വ്യാപകമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കണ്ണൂര്‍, കാസർഗോഡ് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
കേരളാ തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുവെന്നും ചക്രവാത ചുഴിയിൽ നിന്നും തെക്കൻ ആൻഡമാൻ കടൽ വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുവെന്നും നിരീക്ഷകർ അറിയിച്ചു. ഇതിന്റെ ഫലമായാണ് കേരളത്തിൽ മഴക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നൽ മഴക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. തെക്കൻ കേരളത്തിൽ നവംബർ 4 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.