തിരുവനന്തപുരം :സ്വന്തം ഭാര്യ ഹോർലിക്സിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല എന്ന ആരോപണവുമായി കെഎസ്ആർടിസി ഡ്രൈവർ. പാറശ്ശാല സ്വദേശിയായ സുധീർ ആണ് പാറശ്ശാല പൊലീസിനെതിരെ ഇപ്പോൾ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആറുമാസം മുമ്പ് പരാതി നൽകിയിട്ടും സംഭവത്തിൽ പൊലീസ് ഇത് വരെ കേസെടുത്തിട്ടില്ലെന്ന് സുധീർ പറയുന്നത്.
ശിവകാശി സ്വദേശിനിയായ ഭാര്യ, കാമുകനൊപ്പം ചേർന്ന് തനിക്ക് ഹോർലിക്സിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പരാതി. തനിക്ക് ഇടയ്ക്കിടയ്ക്ക് തലവേദന അനുഭവപ്പെടുമായിരുന്നു. അപ്പോഴെല്ലാം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്ന് സുധീർ പറയുന്നു. ഒരിക്കൽ വീട്ടിൽ നിന്ന് ഹോർളിക്സ് കഴിച്ച ശേഷം പുറത്ത് പോയപ്പോൾ തലവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെടുകയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്ന് ദിവസം വെന്റിലേറ്ററിൽ കഴിയുകയും ചെയ്തുവെന്ന് സുധീർ പറയുന്നു.
ഭാര്യ പിണങ്ങിപ്പോയി മൂന്ന് മാസങ്ങൾക്ക് ശേഷം വീട്ടിൽ നിന്ന് സിറിഞ്ചും അലൂമിനിയം ഫോസ്ഫെയ്ഡും കണ്ടെത്തി.വിഷം തമിഴ്നാട്ടിൽ നിന്ന് കൊറിയറായി അയച്ചതാണെന്നാണ് സുധീർ പറയുന്നത്. അതിന് തന്റെ പക്കൽ തെളിവുണ്ടെന്നും സുധീർ പറയുന്നു. അലൂമിനിയം ഫോസ്ഫെയ്ഡ് ഉള്ളിൽ ചെന്നാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ് ഉണ്ടായിരുന്നതെന്ന് മെഡിക്കൽ റിപ്പോർട്ടുകളിൽ വ്യക്തമാണെന്ന് സുധീർ കൂട്ടിച്ചേർത്തു. എന്നാൽ തെളിവുകളിൽ പോലീസ് കേസെടുക്കുന്നിലെന്നാണ് ആരോപണം.