തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളജുകളിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾ ശക്തിപ്പെടുത്താൻ 4,44,05,600 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളിലാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ ശക്തിപ്പെടുത്തുന്നത്.
എല്ലാ മെഡിക്കൽ കോളജുകളിലും ക്രിറ്റിക്കൽ കെയർ യൂണിറ്റ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുകയനുവദിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് 94.22 ലക്ഷം, കോട്ടയം മെഡിക്കൽ കോളജ് ഒരു കോടി, ആലപ്പുഴ മെഡിക്കൽ കോളജ് 77.89 ലക്ഷം, തൃശൂർ മെഡിക്കൽ കോളജ് ഒരു കോടി, കോഴിക്കോട് മെഡിക്കൽ കോളജ് 71.94 ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അത്യാഹിത വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്ക് മികച്ച അതിതീവ്രപരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾ ശക്തമാക്കുന്നത്. നിലവിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകളുള്ള മെഡിക്കൽ കോളജുകളിൽ അവ ശക്തിപ്പെടുത്തുകയും ഇല്ലാത്ത മെഡിക്കൽ കോളജുകളിൽ അവ സജ്ജമാക്കുകയാണ് ലക്ഷ്യം.