തിരുവനന്തപുരം: കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ വിപുലമായ ബഹുജന വിദ്യാഭ്യാസ പരിപാടി ‘മലംഭൂതം’ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷൻ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ക്യാമ്പയിന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോഗോ പ്രകാശനവും ചടങ്ങില്‍ നടന്നു.
യുനിസെഫ്-വാഷ് ഇൻസ്റ്റിറ്റ്യൂട്ട് സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിഷ്കൃതസമൂഹമായ കേരളത്തില്‍ കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നില്ല എന്നത് അപമാനകരമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ജലാശയങ്ങളിലെല്ലാം കോളിഫോം ബാക്ടീരിയ പടര്‍ന്നിരിക്കുകയാണ്. അടിയന്തിരമായി ഈ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വലിയ വിപത്തിലേക്ക് നാട് നീങ്ങും. ശാസ്ത്രീയമായ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സാധ്യമാണെങ്കിലും, സ്ഥാപിക്കാൻ പലപ്പോളും കടുത്ത എതിര്‍പ്പാണ് നേരിടേണ്ടി വരുന്നത്. ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റമുണ്ടാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേതൃപരമായി ഇടപെടണം. ഒരു തരത്തിലും പുറംലോകത്തെ ദോഷകരമായി ബാധിക്കാത്ത ഇത്തരം മാതൃകകള്‍ കേരളത്തില്‍ തന്നെ പലയിടത്തും വിജയകരമായി നടക്കുന്നുണ്ട്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് അവരെ വിശ്വാസത്തിലെടുത്ത് പദ്ധതി ഏറ്റെടുക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണം. ഈ വെല്ലുവിളി ഏറ്റെടുത്ത് അതിജീവിക്കാൻ കഴിഞ്ഞെങ്കില്‍ മാത്രമേ നവകേരളം സാധ്യമാകൂ. മാലിന്യം സംസ്കരിക്കാനുള്ള പ്ലാന്റല്ല, മാലിന്യം സംസ്കരിക്കാതിരിക്കുന്നതാണ് അപകടകരമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ പ്രചാരണ പരിപാടിയെന്നും മന്ത്രി പറഞ്ഞു.
ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്റെ തുടര്‍ച്ചയാണ് ഈ പദ്ധതി. തെളിനീരൊഴുകും നവകേരളത്തിന്റെ ഭാഗമായുള്ള പരിശോധനയില്‍ കേരളത്തിലെ പൊതു ജലാശയങ്ങളില്‍ 80% ത്തോളവും മനുഷ്യ വിസര്‍ജ്യത്താല്‍ മലിനപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തിയിരുന്നു. വീട്ടുകിണറുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഈ സാഹചര്യത്തിലാണ് കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനം അടിയന്തിരമായി ഒരുക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍. കക്കൂസ് മാലിന്യം ശാസ്ത്രീയമായി പരിപാലിച്ചില്ലെങ്കിലുണ്ടാകുന്ന അപകട സാധ്യതയെക്കുറിച്ച് ജനങ്ങളെ ക്യാമ്പയിനിലൂടെ ബോധവത്കരിക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഓരോ ജില്ലയിലും രണ്ട് വീതം എന്ന നിലയില്‍ 28 പ്ലാന്റുകള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കും. വീടുകളിലെ സെപ്റ്റിക് ടാങ്കുകളില്‍ നിന്ന് മൂന്ന് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കേണം. ഓരോ ജില്ലയ്ക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനും ഒരു ഫീക്കല്‍ സ്ലഡ്ജ് മാനേജ്മെന്റ് പ്ലാൻ ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ശുചിത്വമിഷൻ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ ടി ബാലഭാസ്കരൻ, യുനിസെഫ് ചീഫ് ഓഫ് പോളിസി കെ എല്‍ റാവു, ന്യൂ ഡല്‍ഹി വാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഇഡി അറുമുഖൻ കാളിമുത്തു, ചേമ്പര്‍ ഓഫ് മുൻസിപ്പല്‍ ചെയര്‍മെൻസ് അധ്യക്ഷൻ എം കൃഷ്ണദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജനങ്ങളെ ഒപ്പം ചേര്‍ത്ത് ഫീക്കല്‍ സ്ലെഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങുന്നതിലേക്ക് എങ്ങനെ എത്തിയെന്ന അനുഭവം കാസര്‍ഗോഡ് ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ പങ്കുവെച്ചു. ശുചിത്വ മേഖലയില്‍ മികവ് കാട്ടിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും ജില്ലാ മിഷനുകളെയും യോഗത്തില്‍ അനുമോദിച്ചു.