അഡലെയ്ഡ്: ആവേശം അവസാന പന്തുവരെ നീണ്ട ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ. മഴ കളിമുടക്കിയ മത്സരത്തില്‍ തകര്‍പ്പന്‍ തുടക്കമിട്ട ബംഗ്ലാദേശിനെതിരേ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ചു റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം.
14 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്ന നുറുള്‍ ഹുസൈന് അവസാന പന്ത് വരെ ഇന്ത്യയെ വിറപ്പിച്ചു. അര്‍ഷ്ദീപ് എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ നുറുള്‍ ഹുസൈനും ടസ്കിന് അഹമ്മദിനും 14 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. ലിറ്റണ്‍ ദാസ് തുടക്കത്തിലെ ആഞ്ഞടിച്ചപ്പോള്‍ ബംഗ്ലാദേശ് പവർപ്ലേ പവറാക്കി. എട്ടാം ഓവറിലെ രണ്ടാം പന്തില്‍ കെ എല്‍ രാഹുലിന്റെ നേരിട്ടുള്ള ത്രോ ലിറ്റണെ പുറത്താക്കുമ്പോള്‍ ടീം സ്കോർ 68ലെത്തി. ലിറ്റണ്‍ 27 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം 60 റണ്‍സ് നേടി. സഹ ഓപ്പണർ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ 10-ാം ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് ഷമി മടക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു.
അർഷ്ദീപ് സിംഗിന്റെ ഓവർ ഓവർ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഉയർത്തി. ആദ്യ പന്തില്‍ അഫീഫ് ഹൊസൈന്‍(5 പന്തില്‍ 3) സൂര്യയുടെ ക്യാച്ചില്‍ തന്നെ പുറത്തായപ്പോള്‍ അഞ്ചാം പന്തില്‍ ഷാക്കിബ് അല്‍ ഹസനും(12 പന്തില്‍ 13) വീണു. 13-ാം ഓവറിലെ രണ്ടാം പന്തില്‍ യാസിർ ഷായെയും(3 പന്തില്‍ 1), അഞ്ചാം പന്തില്‍ മൊസദേക് ഹൊസൈനേയും(3 പന്തില്‍ 6) പുറത്താക്കി ഹാർദിക് പാണ്ഡ്യയും ആഞ്ഞടിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണർ കെ.എല്‍. രാഹുല്‍, വിരാട് കോഹ്ലി എന്നിവരുടെ അർധ സെഞ്ച്വറിയുടെ മികവിലാണ് 184 റണ്‍സെടുത്തത്. മത്സരത്തിന്റെ തുടക്കത്തിൽ നായകൻ രോഹിത് ശർമ (എട്ട് പന്തിൽ രണ്ട് റൺസ്) പുറത്തായെങ്കിലും പിന്നീട് ക്രീസിലെത്തിയ കോഹ്ലിയെ കൂട്ടുപിടിച്ച് രാഹുൽ തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞ് കളിച്ചത്തോടെ സ്കോർ ഉയർന്നു. 32 പന്തിൽ 52 റൺസെടുത്താണ് രാഹുൽ പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവും കോഹ്ലിയും ചേർന്ന് സ്കോർ ബോർഡ് മുന്നോട്ടു ചലിപ്പിച്ചു. 16 പന്തിൽ 30 റൺസെടുത്താണ് സൂര്യകുമാർ മടങ്ങിയത്.
തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യ (5), ദിനേഷ് കാര്‍ത്തിക്ക് (7), അക്ഷര്‍ പട്ടേല്‍ (7) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. അശ്വിന് ആറ് പന്തില്‍ നിന്ന് 13 റണ്‍സെടുത്തു.
ബംഗ്ലാദേശിനായി ഹസന് മഹ്മൂദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാക്കിബ് അല്‍ ഹസന് രണ്ടു വിക്കറ്റെടുത്തു.
ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ ഒന്നാമതെത്തി. നാല് മത്സരങ്ങളില്‍ ആറ് പോയിന്റാണ് ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ജയത്തോടെ സെമി സാധ്യതകള്‍ ഇന്ത്യ സജീവമാക്കി. ഇനി ഇന്ത്യ പുറത്താവണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. ഇന്ത്യ, ബംഗ്ലാദേശ് എന്നിവര്‍ക്ക് പുറമെ ദക്ഷിണാഫ്രിക്കയ്ക്കും സെമി സാധ്യതയുണ്ട്.
അവസാന മത്സരത്തില്‍ സിംബാബ്വെയാണ് ഇന്ത്യയുടെ എതിരാളി. താരതമ്യേന ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ ഇന്ത്യ അനായാസമായി ജയിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജയിച്ചാല്‍ ഇന്ത്യക്ക് എട്ട് പോയിന്റാവും. അവസാന മത്സരത്തില്‍ ബംഗ്ലാദേശ്, പാകിസ്ഥാനെ അട്ടിമറിച്ചാല്‍ പോലും അവര്‍ക്ക് സെമി കാണാന്‍ പറ്റില്ല. ഇനി, സിംബാബ്വെ ഇന്ത്യയെ അട്ടിമറിച്ചാലും ബംഗ്ലാദേശിന്റെ സാധ്യതകള്‍ വിരളമാണ്.
സിംബാബ്വെ ജയിച്ചാല്‍ ഇന്ത്യ ആറ് പോയിന്റില്‍ നില്ക്കും. അവസാന മത്സരത്തില്‍ ബംഗ്ലാദേശ്, പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ മാത്രം പോര. മികച്ച റണ്‍റേറ്റില്‍ ജയിക്കണം. പാകിസ്ഥാന്റെ ബൗളിംഗ് വച്ച് ഇന്ത്യയുടെ നെറ്റ് റേറ്റ് മറികടക്കുക പ്രയാസമായിരിക്കും. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിക്ക അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. നാളെ നെതര്‍ലന്‍ഡ്സിനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ നാലാം മത്സരം.