ഗുരുവായൂര്‍ ക്ഷേത്രത്തിൽ നടക്കുന്ന കോടതി വിളക്കില്‍ ജഡ്ജിമാര്‍ പങ്കെടുക്കുന്നത് വിലക്കി ഹൈക്കോടതി. നേരിട്ടോ അല്ലാതെയോ ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ കോടതി വിളക്ക് നടത്തിപ്പില്‍ പങ്കാളികളാകരുത്. കോടതി വിളക്ക് എന്നു വിളിക്കുന്നത് തന്നെ അസ്വീകാര്യമാണ്. കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ ഭാഗമാകുന്നത് ശരിയല്ലെന്നും തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു. തൃശൂര്‍ ജുഡീഷ്യല്‍ ജില്ലയിലെ ഓഫിസര്‍മാര്‍ക്കാണ് കോടതിയുടെ നിര്‍ദേശം ലഭിച്ചത്.
ഇതര മതസ്ഥരായവര്‍ക്ക് നിര്‍ബന്ധിതമായി കോടതി വിളക്കെന്ന ആഘോഷത്തില്‍ പങ്കെടുക്കേണ്ടി വരുമെന്നും മതനിരപേക്ഷ സ്ഥാപനം എന്ന നിലയില്‍ ഇത് അംഗീകരിക്കാനാവില്ല. ഏതെങ്കിലും പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കോടതികള്‍ ഏര്‍പ്പെടുന്നത് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു .
നിലവില്‍ ചാവക്കാട് മുന്‍സിഫ് ബാര്‍ അസോസിയേഷന് അംഗങ്ങള്‍ കോടതിവിളക്കിന്റെ സംഘാടക സമിതിയിലുണ്ട്. ചാവക്കാട് മുന്‍സിഫ് കോടതി ജീവനക്കാരാണ് ബ്രിട്ടിഷ് ഭരണകാലത്ത് ഗുരൂവായൂര്‍ ക്ഷേത്രത്തിലെ കോടതി വിളക്ക് തുടങ്ങിയത്.