തിരുവനന്തപുരം :കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ മലയിൻകീഴ് സ്വദേശി സന്തോഷിനെ തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ സ്ഥാനത്തു നിന്ന് ഒഴിവാക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ. ഇയാളെ തന്റെ ഓഫീസിൽ നിന്ന് അടിയന്തരമായി ഒഴിവാക്കാൻ മന്ത്രി നിർദേശം നൽകി.
മലയിൻകീഴ് സ്വദേശിയായ ഇയാൾ വാട്ടർ അതോറിറ്റിയിൽ പുറം കരാർ അടിസ്ഥാനത്തിൽ ജോലിക്കാരെ നൽകുന്ന ഏജൻസിയുടെ ജീവനക്കാരൻ ആണ് . ആരോപണ വിധേയനായ ഡ്രൈവർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ ഏജൻസിക്കു നിർദേശം നൽകണമെന്നും വാട്ടർ അതോറിറ്റിക്ക് മന്ത്രി നിർദേശം നൽകി. കേസിൽ യാതൊരു തരത്തിലുള്ള ഇടപെടൽ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
മ്യൂസിയത്തിനു സമീപം പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും ഇയാളുടെ പങ്ക് സ്ഥിരീകരിച്ചു. ഇന്ന് തിരിച്ചറിയൽ പരേഡ് നടത്തി വനിതാ ഡോക്ടർ തിരിച്ചറിഞ്ഞാൽ സന്തോഷ് ഈ കേസിലും പ്രതിയാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ജല അതോറിറ്റിയുടെ ഇന്നോവ കാറിലെ യാത്രയാണ് സന്തോഷിനെ കുടുക്കിയത്. ഇൗ ഇന്നോവ കാറാണ് സിസിടിവിയിൽ തെളിവായി മാറിയത്.