മോര്‍ബി: തൂക്കുപാലം തകര്‍ന്ന് 150ഓളം പേര് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മോര്ബിയയിലെത്തി. അപകടമുണ്ടായ സ്ഥലത്ത് പ്രധാനമന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തി. ചികിത്സയിലുള്ളവരെ മോദി മോര്‍ബി സിവില്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തെയും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും പ്രധാനമന്ത്രി ആശ്വസിപ്പിച്ചു.
പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിന്റെ അവസാന ദിനമാണ് ഇന്ന്. ഇന്നലെ ഗുജറാത്ത് രാജ്ഭവനിൽ നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നത തലയോഗം വിളിച്ച് ചേർത്തിരുന്നു. ഇതിന് തുടര്‍ച്ചയായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മോര്‍ബിയില്‍ എത്തിയ പ്രധാനമന്ത്രി സംഭവ സ്ഥലം സന്ദര്‍ശിച്ച് വിവരശേഖരണം നടത്തി. പാലം തകര്‍ന്ന മേഖലയില്‍ വ്യോമനിരീക്ഷണം നടത്തിയ പ്രധാനമന്ത്രി പരുക്കേറ്റവര്‍ കഴിയുന്ന ആശുപത്രിയിലും എത്തി.
അതേസമയം, പാലം പുതുക്കി പണിതത് ടെണ്ടറില്ലാതെ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പഴയ കേബിളുകൾ തന്നെ ഉപയോഗിച്ചെന്നും കണ്ടെത്തി. ദുരന്തത്തിൽ ഇതുവരെ 140 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. പാലത്തിൽ അറ്റകുറ്റപണി നടത്തിയ കമ്പനിയുടെ മാനേജർമാർ അടക്കം 9 പേരെ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.
അപകടത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം അവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി അടിയന്തിരമായി പരിഗണിയ്ക്കാന്‍ സുപ്രിംകോടതി തിരുമാനിച്ചു. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് സി.പി.ഐ.എമ്മും ആവശ്യപ്പെട്ടു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും ജുഡിഷ്യല്‍ അന്വേഷണം എന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്.