കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച തീരുമാനത്തെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിലാണ് തൻ്റെ തീരുമാനത്തെ ഗവർണർ ന്യായീകരിച്ചത്. സർവകലാശാല സെനറ്റ് അംഗമെന്ന നിലയിൽ ചുമതലകളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിൽ അംഗങ്ങൾ പരാജയപ്പെട്ടു എന്നും ഗവർണർ പറയുന്നു.
ചാൻസിലർ പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിക്കണമെന്ന സെനറ്റിൻ്റെ ഏകകണ്ഠമായ തീരുമാനത്തിൽ തൻ്റെ നോമിനികൾ കക്ഷികളാകുന്നത് നിയമവിരുദ്ധമാണ്, നോമിനികൾ പരിധിവിട്ട് പെരുമാറുന്നു എന്നും ഗവർണർ പറയുന്നു.
വൈസ് ചാൻസിലർ നിയമനത്തിലെ കാലതാമസം ഒഴിവാക്കാനാണ് ഇതെന്നും ഗവർണർ പറഞ്ഞു. സെനറ്റ് നടപടി കേരള സർവകലാശാല നിയമത്തിലെ വ്യവസ്ഥകൾക്ക് യോജിച്ചതല്ല. അതിനെ പ്രകടമായ അധിക്ഷേപം എന്ന് വിളിക്കണം എന്ന് ഗവർണർ ചൂണ്ടിക്കാണിക്കുന്നു.