അടിയന്തരമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമാബാദിലേക്ക് പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ റാലിക്കിടെ കണ്ടെയ്നറിനടിയില്‍പ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തക മരിച്ചു .പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ ഫൈവ് റിപ്പോര്‍ട്ടര്‍ സദഫ് നയീമാണ് മരിച്ചത്. വാഹനത്തിന് സമീപം നിന്ന മാധ്യമപ്രവര്‍ത്തക തിരക്കിനിടെ കണ്ടെയ്നറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. വാഹനം ഇവരുടെ മേല്‍ പാഞ്ഞുകയറി.
സംഭവത്തിന് പിന്നാലെ ഇമ്രാന് ഖാന് തന്റെ ലോംഗ് മാര്‍ച്ച് നിര്‍ത്തിവച്ചു.സദഫ് നയീമിന്റെ മരണത്തില്‍ ഇമ്രാന് ഖാന് നടുക്കം രേഖപ്പെടുത്തി. ‘ചാനല്‍ 5 റിപ്പോര്‍ട്ടര്‍ സദാഫ് നയീമിന്റെ മരണത്തിലേക്ക് നയിച്ച അപകടത്തില്‍ ഞെട്ടലും അഗാധമായ ദുഖവും രേഖപ്പെടുത്തുന്നു,’ എന്ന് ഖാന് ട്വിറ്ററില്‍ കുറിച്ചു.
മാധ്യമപ്രവര്‍ത്തകയുടെ മരണത്തില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രതികരിച്ചു.
വാര്‍ത്താവിതരണ മന്ത്രി മറിയം ഔറംഗസേബും സദഫിന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ‘എനിക്ക് അവളെ വ്യക്തിപരമായി അറിയാം. അവര്‍ കഠിനാധ്വാനിയായ ഒരു പത്രപ്രവര്‍ത്തകയായിരുന്നു. ഇമ്രാന് ഖാനെ അഭിമുഖം നടത്താന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടത് ഞെട്ടിപ്പിക്കുന്നതാണ്,’ എന്ന് മന്ത്രി പറഞ്ഞു.