വിലക്കയറ്റത്തിൽ സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് യുഡിഎഫ്.സെക്രട്ടേറിയറ്റ് വളയൽ അടക്കമുള്ള സമര പരിപാടികൾക്കാണ് തയാറെടുക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. നവംബർ 3 മുതൽ കെപിസിസി യുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ തുടങ്ങും.
ഭരിക്കാൻ മറന്നുപോയ സർക്കാരാണ് കേരളത്തിലുള്ളത്. അരിവില കുതിച്ചുയർന്നിട്ടും ഇടപെടുന്നില്ല.
അവശ്യസാധന വില കൂടുന്നു, എന്നാൽ ഒന്നിലും സർക്കാർ ഇടപെടൽ ഉണ്ടാകുന്നില്ല. വില നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി നിഷ്ക്രിയനായി ഇരിക്കുന്നു.പൊലീസിനെ സംസ്ഥാനത്ത് കയറൂരി വിട്ടിരിക്കുന്ന സ്ഥിതിയാണ്. ഡിവൈഎഫ്ഐ , എസ്എഫ് ഐ പ്രവർത്തകർ അഴിഞ്ഞാടുകയാണെന്നും വി ഡി സതീശൻ വിമർശിച്ചു.
സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ കേസെടുക്കാൻ സർക്കാർ തയാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലഹരിമരുന്ന് വിരുദ്ധ പ്രചാരണം സംസ്ഥാന സർക്കാർ കാര്യക്ഷമമാക്കണം. ബോർഡ് എഴുതിയത് കൊണ്ട് മാത്രം ലഹരി വിൽപ്പന അവനാനിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.