തിരുവനന്തപുരം: പാറശാലയിലെ ബിഎസ്സി റേഡിയോളജി വിദ്യാർഥി ഷാരോൺ രാജിനെ വനിതാ സുഹൃത്തായ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയെന്ന് എഡിജിപി അജിത് കുമാർ. ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി ചേർത്തു നൽകിയാണ് കൊലപ്പെടുത്തിയതെന്ന് ഗ്രീഷ്മ മൊഴി നൽകിയതായി എഡിജിപി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കൊലപാതകത്തിന്റെ വിശദാംശങ്ങളും ഗ്രീഷ്മയെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളും എഡിജിപി പങ്കുവച്ചത്.
കാപിക് എന്ന കീടനാശിനിയാണ് കഷായത്തിൽ കലർത്തി നൽകിയത്. ഗ്രീഷ്മ തന്നെയാണ് കഷായം ഉണ്ടാക്കിയത്. അന്ധവിശ്വാസ കൊലയെന്ന് പറയാനാവില്ലെന്നും എഡിജിപി പറഞ്ഞു. അത് ഷാരോണിനെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞുനോക്കിയ കാരണമാണ്. കേസിൽ മാതാപിതാക്കളെ പ്രതി ചേർക്കാൻ മതിയായ തെളിവുകൾ ലഭിച്ചിട്ടില്ല. മുമ്പ് കൊലപാതകശ്രമം നടത്തിയതിനും തെളിവില്ല. ബ്രേക്ക് അപ് ആവാൻ ഷാരോണിന് താത്പര്യമില്ലായിരുന്നു. എന്നാൽ ഒഴിവാക്കണമെന്നതായിരുന്നു ഗ്രീഷ്മയുടെ ആവശ്യം. അമ്മക്ക് വേണ്ടി വങ്ങിവെച്ച കഷായപ്പൊടി ചേർത്താണ് ഗ്രീഷ്മ കഷായമുണ്ടാക്കിയത്. ഷാരോൺ ബാത്ത്റൂമിൽ പോയ തക്കത്തിന് വിഷം കലർത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കോപ്പർ സൾഫേറ്റാണ് ആണ് കൊലപാതകത്തിന് ഉപയോഗിച്ചത് എന്നായിരുന്നു ആദ്യ നിഗമനം. ലിവറിനെയും വൃക്കയേയും ബാധിക്കാവുന്ന കീടനാശിനികൾ വിലയിരുത്തി നോക്കിയെങ്കിലും പോലീസിന് മനസിലാക്കാനായില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് കാപിക് ആണെന്ന് മനസ്സിലായത്. ഇതിന്റെ ബോട്ടിൽ കിട്ടിയിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു.
കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഗ്രീഷ്മയെ വീണ്ടും ചോദ്യം ചെയ്യും. നിലവില്‍ ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്.
കഴിഞ്ഞ മാസം 14 നാണ് റെക്കോഡ് ബുക്ക് തിരിച്ചുവാങ്ങാൻ സുഹൃത്തിനൊപ്പം യുവതിയുടെ വീട്ടിൽ ഷാരോൺ പോയത്. എന്നാല്‍ ഇവിടെ നിന്നും ശാരീരികാസ്വസ്ഥതകളോടെയാണ് ഷാരോണ്‍ തിരിച്ചിറങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിക്കുന്നത്. കരളും വൃക്കയും തകരാറിലായാണ് മരണം. യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്റെ ബന്ധുക്കള്‍ ആദ്യമേ ആരോപിച്ചിരുന്നു.