ടി-20 ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 5 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 134 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. 59 റൺസെടുത്ത് പുറത്താവാതെ നിന്ന ഡേവിഡ് മില്ലർ ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്പി. എയ്ഡൻ മാർക്രവും (52) ദക്ഷിണാഫ്രിക്കക്കായി തിളങ്ങി.
രണ്ടാം ജയത്തോടെ അഞ്ചു പോയിന്റുമായി ഗ്രൂപ്പ് രണ്ടിൽ ദക്ഷിണാഫ്രിക്ക ഒന്നാമതെത്തി. നാലു പോയിന്റുള്ള ഇന്ത്യ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.
മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടു വിക്കറ്റുകൾ നഷ്ടമായി. മൂന്ന് പന്തിൽ ഒരു റണ്ണെടുത്ത ക്വിന്റന്‍ ഡി കോക്കിനെ അർഷ്ദീപ് സിങ്ങിന്റെ പന്തിൽ കെ.എൽ. രാഹുല്‍ ക്യാച്ചെടുത്തു പുറത്താക്കി. ഇതേ ഓവറിൽ തന്നെ റിലീ റൂസോയെ അർഷ്ദീപ് എൽബിയിൽ കുടുക്കി. ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ടെംബ ബാവുമ 15 പന്തിൽ പത്ത് റൺസെടുത്തു. മുഹമ്മദ് ഷമിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്ക് ക്യാച്ചെടുത്താണ് ബാവുമയെ മടക്കിയത്.
തുടര്‍ന്ന് എയ്ഡൻ മർക്റാമും ഡേവിഡ് മില്ലറും ചേർന്നതോടെ ദക്ഷിണാഫ്രിക്ക സ്കോർ 100 പിന്നിട്ടു. 38 പന്തിൽ മർക്റാം അർധ സെഞ്ചറി തികച്ചു. തൊട്ടുപിന്നാലെ മർക്റാമിനെ പുറത്താക്കി ഹാർദിക് പാണ്ഡ്യ കളിപിടിക്കാന്‍ ശ്രമിച്ചു. ട്രിസ്റ്റൻ സ്റ്റബ്സ് ആറു പന്തിൽ ആറു റണ്‍സെടുത്തു പുറത്തായി. എന്നാൽ പുറത്താകാതെ നിന്ന ഡേവിഡ് മില്ലർ രണ്ടു പന്തുകൾ ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. 46 പന്തുകളിൽനിന്ന് 56 റൺസാണു മില്ലര്‍ അടിച്ചെടുത്തത്.
ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ എന്നിവർ ഓരോ വിക്കറ്റു വീതവും നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 133 റണ്‍സ് മാത്രം. പെര്‍ത്ത് പിച്ചില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നപ്പോള്‍ ഒറ്റയ്ക്ക് പോരാടിയ സൂര്യകുമാര്‍ യാദവിന്റെ പ്രകടനമാണ് ഇന്ത്യയെ 133-ല്‍ എത്തിച്ചത്.
40 പന്തുകള്‍ നേരിട്ട സൂര്യ മൂന്ന് സിക്സും ആറ് ഫോറുമടക്കം 68 റണ്‍സെടുത്തു.
29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ലുങ്കി എന്‍ഗിഡിയും 15 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ വെയ്ന്‍ പാര്‍നെലുമാണ് ഇന്ത്യയെ തകര്‍ത്തത്.