ആലുവ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിദഗ്ധ ചികിൽസയ്ക്കായി ജർമനിലേക്ക്. ബർലിനിലെ ചാരെറ്റി മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് ചികിൽസ. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാല ആശുപത്രികളിൽ ഒന്നാണിത്. ഉമ്മൻ ചാണ്ടിയുടെ ചികിൽസാ ചെലവ് പാർട്ടി വഹിക്കും.
ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പടരുന്നതിനിടെയാണ് അദ്ദേഹം ജർമനിയിലേക്കു പോകുന്നത്. രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വിശ്രമത്തിലാണ് ഉമ്മൻചാണ്ടി. വ്യാഴാഴ്ചയ്ക്കു മുൻപ് അദ്ദേഹം ജർമനിയിലേക്കു പോകുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. മക്കളായ മറിയ ഉമ്മനും ചാണ്ടി ഉമ്മനും അദ്ദേഹത്തെ അനുഗമിക്കും.
ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിച്ചു എന്നത് അനാവശ്യ പ്രചാരണമാണെന്നും ഇത്തരം വാർത്തകൾ എന്തിനാണെന്ന് അറിയില്ലെന്നും മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അദ്ദേഹത്തിന് അസുഖം വരുന്നത് ഇത് ആദ്യമായല്ല. അസുഖം എന്താണെന്ന് കൃത്യമായി അറിയേണ്ടതുണ്ട്. വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആണ് ജർമ്മിനിയിൽ പോകുന്നത്. ദുഷ്പ്രചാരണത്തിന് പിന്നിൽ സ്വാർത്ഥ താൽപര്യമുള്ളവരാണ്.
പ്രചാരണം നടത്തുന്നവർ സ്വപ്നാടനത്തിലാണ്. വിശ്വാസവും ചികിത്സയും രണ്ടാണെന്ന് ആദ്യം മനസിലാക്കണം. അസുഖത്തിന് ചികിത്സയാണ് നൽകേണ്ടത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. പിന്നെ സ്വാഭാവികമായ ക്ഷീണം അദ്ദേഹത്തിനെ ബാധിച്ചിട്ടുണ്ട്. ശബ്ദത്തിലും ചെറിയ മാറ്റം വന്നിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങൾ മനോവിഷമം ഉണ്ടാക്കുന്നുണ്ട്.
ഇപ്പോൾ ആലുവ പാലസില്‍ വിശ്രമത്തിലാണ് ഉമ്മൻ ചാണ്ടി. രാജഗിരി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയുടെ നിലവിലെ ചികിത്സ നടക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് വേണ്ടവിധത്തിലുള്ള ചികിത്സ നല്‍കുന്നില്ലെന്നടക്കമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം പൂർണമായും അടിസ്ഥാന രഹിതമാണെന്ന് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു.