ബെംഗളുരു: ലിംഗായത് മഠാധിപതിയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കർണാടകയിലെ രാമനഗര ജില്ലയിലെ കുഞ്ചഗൽ ബൻഡേ മഠാധിപതി 45കാരനായ ബസവലിംഗ സ്വാമിയുടെ മരണത്തിലാണ് സ്ത്രീയുൾപ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറയുന്നു.
സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. പിടിയിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായിട്ടില്ല. മഠാധിപതി ഉൾപ്പെട്ട നാല് വീഡിയോ ക്ലിപ്പുകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത സ്ത്രീ ഉൾപ്പെടെയുള്ള മൂന്ന് പേർ സന്യാസിയുമൊത്തുള്ള വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിൽ പങ്കാളികളായിരുന്നു.
അതേസമയം, മഠാധിപതി ഉപയോഗിച്ച രണ്ട് മൊബൈൽ ഫോണുകൾ കൂടുതൽ വിവരങ്ങൾക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചതായി എസ്.പി കെ സന്തോഷ് ബാബു പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. പൂർത്തിയാകുന്ന മുറയ്ക്ക് മുഴുവൻ വിവരങ്ങളും വെളിപ്പെടുത്തുമെന്ന് എസ്.പി വ്യക്തമാക്കി.
സെപ്തംബറിൽ ബെലഗാവി ജില്ലയിലെ ശ്രി ഗുരുമദിവലേശ്വർ മഠത്തിന്റെ തലവനായ ബസവ സിദ്ധലിംഗ സ്വാമിയെ സമാന രീതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. എന്നാൽ കുറിപ്പിന്റെ ഉള്ളടക്കം പുറത്തുവിട്ടിരുന്നില്ല.