പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം നിശ്ചയിക്കുന്നത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന നിലവാരം വിലയിരുത്തിയെന്ന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. റിയാബ് മുന്‍ ചെയര്മാന് എന്‍ ശശിധരന് നായര്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു.
ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഡയമണ്ട്, ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെ സ്ഥാപനങ്ങളെ തരംതിരിക്കാനാണ് വിദഗ്ധസമിതിയുടെ ശുപാര്‍ശ. ഈ പദവിയുടെ അടിസ്ഥാനത്തിലാകും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, മാനേജിംഗ് ഡയറക്ടര്‍ എന്നിവരുള്‍പ്പടെയുള്ള ശമ്പളം നിര്‍ണയിക്കുക. ഒരേപദവിയിലുള്ള സ്ഥാപനത്തിലെ ജീവനക്കാരുടെ വേതനം ഇതനുസരിച്ച് സമാമായി നിശ്ചയിക്കും.
പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളിലായി തിരിക്കും. ഉത്പാദനം, അടിസ്ഥാനവികസനം, ധനകാര്യം, സര്‍വീസസ്/ ട്രേഡിംഗ്/കണ്‍സല്‍ട്ടന്‍സി, കൃഷി, തോട്ടം, മൃഗപരിപാലനം, ട്രേഡിംഗ് ആന്‍ഡ് വെല്‍ഫെയര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുക. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ സ്ഥാപനങ്ങളുടെ സ്കോര്‍ പുന:പരിശോധിക്കണമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്യുന്നു.
എന്നാല്‍ കേരള ജല അതോറിറ്റി, കെ.എസ്.ആര്.ടി.സി., കെഎസ്ഇ ബി. എന്നീ സ്ഥാപനങ്ങള്‍ ഇതില്പ്പെടില്ല. ഇവയിലെ ജീവനക്കാരുടെ ശമ്പളം ഏകീകരിക്കുന്നതിനുള്ള ശുപാര്‍ശ നാലുമാസത്തിനകം സമിതി പ്രത്യേകം സമര്‍പ്പിക്കും.