ബിജെപിയില്‍ ചേര്‍ന്നാല്‍ ഒരു അന്വേഷണവും ഒരാളെയും കേന്ദ്ര ഏജന്‍സികളും വേട്ടയാടില്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. താന്‍ ആം ആദ്മി പാര്‍ട്ടി നേതാവായതിനാലാണ് ഇരയാക്കപ്പെട്ടത്. നേരത്തെ ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് സിസോദിയയെ സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
ബിജെപി വൃത്തികെട്ട രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നിയമസഭാംഗങ്ങളെ അവര്‍ വേട്ടയാടുകയാണെന്നും അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുകയാണെന്നും കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ സൂതാര്യതയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഒക്ടോബര്‍ 28 ന് ബിജെപിയുടെ അത്തരമൊരു നീക്കം വ്യക്തമാകുന്ന ഒരു കോള്‍ റെക്കോര്‍ഡിംഗ് കണ്ടെത്തി. ബിജെപിയുടെ ഒരു ഏജന്റ് ഭാരത് രാഷ്ട്ര സമിതി എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതാണ് കോള്‍ റെക്കോഡിങ്ങില്‍ വ്യക്തമായതെന്നും സിസോദിയ പറഞ്ഞു.
‘ടിആര്‍എസ് (ഇപ്പോള്‍ ബിആര്‍എസ്) എംഎല്‍എമാര്‍ക്ക് പണവും കാറും നല്‍കുമെന്ന് ഭാരതി തുറന്ന് പറയുന്നുണ്ട്. ബിഎല്‍ സന്തോഷിനെ കാണാന്‍ അവസരം ഒരുക്കുമെന്നും അയാള്‍ ഓഡിയോയില്‍ പറഞ്ഞിരുന്നു. ‘നിങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ഒരു ഏജന്‍സിയും നിങ്ങളെ വേട്ടയാടില്ലെന്ന് ഭാരതി ടിആര്‍എസ് എംഎല്‍എമാരോട് പറഞ്ഞു’ ശനിയാഴ്ച പത്രസമ്മേളനത്തില്‍ സിസോദിയ വ്യക്തമാക്കി.