ജയ്പൂര്‍: സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ രാജസ്ഥാനില്‍ പെണ്‍കുട്ടികളെ ലേലം ചെയ്യുന്നു എന്ന വിവാദത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് രാജസ്ഥാന് സര്‍ക്കാരിന് നോട്ടീസ് അയച്ചു. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്, നാഷണല്‍ കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് എന്നിവയും സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
സംഭവം ഞെട്ടിക്കുന്നതാണെന്നും, സംസ്ഥാന ചീഫ് സെക്രട്ടറിയും ഡിജിപിയും നാലാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് കമ്മീഷന് ആവശ്യപ്പെട്ടിട്ടുള്ളത്. കുറ്റക്കാരെ ഒരു കാരണവശാലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും, ഈ സംഘത്തില്‍ ഉള്‍പ്പെട്ട എല്ലാവര്ക്കും കനത്ത ശിക്ഷ തന്നെ ഉറപ്പാക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരകളുടെ വീടുകളില്‍ നവംബര്‍ ഏഴിന് സന്ദര്‍ശനം നടത്തുമെന്ന് ദേശീയ ബാലാവകാശ കമ്മീഷന് ചെയര്മാന് പി കനൂംഗോ അറിയിച്ചു.
അതേസമയം കുട്ടികളെ ലേലം ചെയ്ത സംഭവത്തില്‍ 21 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തതായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു. പ്രതികളായ മൂന്നുപേര്‍ മരിച്ചു. ഒരാള്‍ ഒളിവിലാണ്. കുട്ടികളില്‍ രണ്ടുപേരും മരണപ്പെട്ടു. ശേഷിക്കുന്ന കുട്ടികള്‍ അവരവരുടെ വീടുകളില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും ഗഹലോട്ട് പറഞ്ഞു.