കോയമ്പത്തൂർ: കോയമ്പത്തൂർ കാർ സ്ഫോടന കേസിൽ എൻഐഎ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അസ്വാഭാവിക മരണത്തിനും,സ്ഫോടനത്തിനുമാണ് കേസ് എടുത്തത്. സ്ഫോടനത്തിൽ എക്സ്പ്ലോസീവ്സ് സബ്സ്റ്റൻസ് ആക്ട് പ്രകാരവും അസ്വാഭാവിക മരണത്തിന് സിആർപിസി 174 (CRPC 174) പ്രകാരവുമാണ് കേസെടുത്തത്. എൻഐഎ ചെന്നൈ യൂണിറ്റ് ഇൻസ്പെക്ടർ എസ്.വിഗ്നേഷിനാണ് അന്വേഷണ ചുമതല.
കൊല്ലപെട്ട ജമേഷ മുബീന്റെ വീട്ടിൽ നിന്നും പൊട്ടാസ്യം, നൈട്രേറ്റ് തുടങ്ങിയ രാസപദാർഥങ്ങൾ പിടിച്ചെടുത്തുവെന്നും എഫ്.ഐ.ആറിലുണ്ട്. ജാമേഷ മുബീന്റെ വീട്ടിൽ നിന്നും ലഭിച്ച നോട്ട് പുസ്തകത്തിൽ ജിഹാദിനെ കുറിച്ച് പറയുന്നുണ്ടെന്നും എൻഐഎ എഫ്ഐആറിൽ പറയുന്നു.
കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് 109 വസ്തുക്കൾ തൊണ്ടിയായി പിടിച്ചെടുത്തിട്ടുണ്ട്. പൊട്ടാസ്യം നൈട്രേറ്റ്, ചാർക്കോൾ, ഫ്യൂസ് വയർ, നൈട്രോ ഗ്ലിസറിൻ, റെഡ് ഫോസ്ഫറസ്, അലുമിനിയം പൗഡർ, സർജിക്കൽ ബ്ലേഡ്, കയ്യുറകൾ, ആണികൾ, ഗ്യാസ് സിലിണ്ടറുകൾ, ലഘുലേഖകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത് എന്നും എൻഐഎ വ്യക്തമാക്കുന്നു.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷ്ണർ മുസ്ലീം സംഘടന നേതാക്കളുമായി ചർച്ച നടത്തി. കേസിലെ ദുരൂഹതകൾ ഒഴിവാക്കി മുഴുവൻ വിവരങ്ങളും പുറത്ത് വിടണമെന്ന് ഇസ്ലാമിക് ഫെഡറേഷൻ ആവശ്യപെട്ടു. ഇസ്ലാമിക് ഫെഡറേഷൻ കോഡിനേറ്റർ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഏർവാടി സ്വദേശികളായ രണ്ട് പേരെ നേരത്തേ ചോദ്യം ചെയ്തിരുന്നു.