‘ഒരു രാജ്യം, ഒരു പോലീസ് യൂണിഫോം’ എന്ന ആശയവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ സൂരജ് കുണ്ഡില്‍ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനമായ ‘ചിന്തന്‍ ശിവിര്‍’ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതൊരു നിര്‍ദ്ദേശം മാത്രമാണെന്നും സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നും മോദി പറഞ്ഞു.
കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും നേരിടാന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ അടുത്ത സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ഫെഡറലിസം ഭരണഘടനയിലുളള കാര്യം മാത്രമല്ല, സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.’ഒരു രാജ്യം,ഒരു യൂണിഫോം പോലീസിന് എന്നത് ഒരു ആശയം മാത്രമാണ്. ഞാന്‍ അത് നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ല. ഒന്ന് ചിന്തിച്ചു നോക്കൂ. 5, 50, അല്ലെങ്കില്‍ 100 വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കാം. എന്നാല്‍ അങ്ങനെയൊരു ചിന്ത നമുക്ക് നല്‍കാം ‘എന്ന് മോദി പറഞ്ഞു.
രാജ്യത്തുടനീളമുള്ള പോലീസിന്റെ ഐഡന്റിറ്റി ഒരുപോലെ ആയിരിക്കണമെന്ന് താന്‍ കരുതുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ക്രമസമാധാനത്തിന്റെയും സുരക്ഷയുടെയും ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ എല്ലാ ഏജന്‍സിളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ പഴയ നിയമങ്ങള്‍ അവലോകനം ചെയ്യാനും നിലവിലെ സാഹചര്യത്തിലേക്ക് അവ ഭേദഗതി ചെയ്യാനും അദ്ദേഹം സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു.
കാര്യക്ഷമതയും സാധാരണക്കാര്‍ക്ക് സംരക്ഷണവും ഉറപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാനങ്ങളുടെ എല്ലാ ഏജന്‍സികളും പരസ്പരം സഹകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.ക്രമസമാധാനം വികസനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിനാല്‍ സമാധാനം നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മോദി പറഞ്ഞു.’രാജ്യത്തിന്റെ ശക്തി വര്‍ദ്ധിക്കുമ്പോള്‍, ഓരോ പൗരന്റെയും ഓരോ കുടുംബത്തിന്റെയും ശക്തി വര്‍ദ്ധിക്കും,’ എന്ന് മോദി കൂട്ടിച്ചേര്‍ത്തു.