കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. മോശമായി പെരുമാറുന്നവര്‍ക്കെതിരെ നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥരും ഉത്തരവാദികളാകുമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് മുന്നറിയിപ്പ് നല്കി. മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മടിക്കില്ലെന്നും കോടതി കടുത്ത മുന്നറിയിപ്പ് നല്കി.
പെരുമാറ്റചട്ടം സംബന്ധിച്ച് ഡി.ജി. പി ഉത്തരവ് ഇറക്കിയാല്‍ മാത്രം പോരാ ഉത്തരവ് ഓരോ ഉദ്യോസ്ഥനും അനുസരിക്കുകയും വേണമെന്ന് കോടതി ഓര്‍മിപ്പിച്ചു. ഡി.ജി.പി യുടെ ഉത്തരവ് ഇറങ്ങിയതിനു ശേഷവും പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായെന്ന് കോടതി പറഞ്ഞു. പെരുമാറ്റചട്ടം സംബന്ധിച്ച് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിക്ക് കോടതി കര്‍ശന നിര്‍ദേശം നല്കി.
പോലീസിന്റെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് മുന്‍പ് ഒരു ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. ഈ ഹര്‍ജി വീണ്ടും പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവന് രാമചന്ദ്രന്. അന്ന് പോലീസിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസുകാര്‍ക്കും സര്‍ക്കുലര്‍ അയയ്ക്കാന്‍ ഡി.ജി.പിയോട് കോടതി നിര്‍ദേശിച്ചിരുന്നു. കോടതി ഉത്തരവ് പാലിച്ച് സര്‍ക്കുലര്‍ അയച്ചിരുന്നെന്ന് ഇന്ന് കോടതിയെ അറിയിച്ചു. സര്‍ക്കുലര്‍ വന്നിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് മോശം പെരുമാറ്റമാണെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷക ചൂണ്ടിക്കാണിച്ചു. ഉദാഹരണങ്ങളും അഭിഭാഷക ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഭാഗത്തുനിന്ന് കര്‍ശനസമീപനം.
പോലീസിന്റെ നല്ല പെരുമാറ്റത്തിനായി പുറപ്പെടുവിച്ച നിര്‍ദേശങ്ങളും ഉത്തരവുകളും പേപ്പറില്‍ മാത്രം ഒതുങ്ങുന്ന സാഹചര്യം ആണെന്നും അത്തരം സാഹചര്യം അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. ഉത്തരവുകള്‍ നടപ്പാക്കാത്ത മേലുദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാവുമെന്ന് കോടതി പറഞ്ഞു. നവംബര്‍ പത്തിന് കേസ് വീണ്ടും കോടതി പരിഗണിക്കും. അന്നത്തേക്ക് ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കുറ്റക്കാരായ കീഴുദ്യോഗസ്ഥര്‍ക്കെതിരേ മേലുദ്യോഗസ്ഥര്‍ നടപടി എടുക്കാതിരിക്കുന്നത് ഗൗരവമായാണ് കോടതി കാണുന്നത്. വിഷയവുമായി ബന്ധപ്പെട്ട് കോടതി നിരവധി തവണ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. എന്നാല്‍ ഇവയുടെ അന്തഃസത്ത പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ മേലുദ്യോഗസ്ഥര്‍ക്ക് കഴിയണം എന്നും കോടതി നിരീക്ഷിച്ചു. കുറ്റക്കാര്‍ക്കെതിരേ നടപടി കൈക്കൊള്ളാത്ത മേലുദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് മടിക്കില്ലെന്നാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞത്.