ആ​വേ​ശം അ​വ​സാ​ന പ​ന്തു​വ​രെ; പാകിസ്താനെ തകർത്ത് സിംബാബ്‌വെ, വിജയം ഒരു റണ്ണിന്

 

പെര്‍ത്ത്: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്താനെ അട്ടിമറിച്ച് സിംബാബ്‌വെ. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ഒരു റണ്ണിനായിരുന്നു സിംബാബ്‌വെയുടെ ജയം.

ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്താന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്താന്റെ സെമി ഫൈനല്‍ സാധ്യതകള്‍ മങ്ങി. രണ്ടു കളികളില്‍ നിന്ന് മൂന്ന് പോയന്റുമായി സിംബാബ്വെ ഗ്രൂപ്പ് രണ്ടില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. രണ്ടു മത്സരങ്ങളും പരാജയപ്പെട്ട പാകിസ്താന്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്.

മോശം തുടക്കമായിരുന്നു പാകിസ്ഥാന്റേത്. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ ബാബര്‍ അസം (4), മുഹമ്മദ് റിസ്‌വാന്‍ (14) എന്നിവരെ പാകിസ്ഥാന് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ ഷാന്‍ മസൂദ് (44) മാത്രമാണ് പിടിച്ചുനിന്നത്. മുഹമ്മദ് നവാസ് (22) റൺസെടുത്തു.

ഇഫ്തികര്‍ അഹമ്മദ് (5), ഷദാബ് ഖാന്‍ (17), ഹൈദര്‍ അലി (0), ഷഹീന്‍ അഫ്രീദി (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 

മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്ദര്‍ റാസയാണ് പാകിസ്ഥാനെ തകര്‍ത്തത്. ബ്രാഡ് ഇവാന്‍സിന് രണ്ട് വിക്കറ്റുണ്ട്.

  
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്വെ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തിരുന്നു. വെസ്ലി മധെവെരെയും ക്യാപ്റ്റനും ക്രെയ്ഗ് ഇര്‍വിനും ചേര്‍ന്ന് 29 പന്തില്‍ നിന്ന് 42 റണ്‍സടിച്ച ശേഷമാണ് പിരിഞ്ഞത്. 19 പന്തില്‍ നിന്നും 19 റണ്‍സ് നേടിയ ഇര്‍വിനെ മടക്കി മുഹമ്മദ് വസീമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ആറാം ഓവറില്‍ മധെവെരെയും മടങ്ങി. 13 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 17 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

പിന്നാലെ സിംബാബ്വെയ്ക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. 28 പന്തില്‍ നിന്നും 31 റണ്‍സെടുത്ത സീന്‍ വില്യംസിന് മാത്രമാണ് പിന്നീട് പാക് ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. മില്‍ട്ടണ്‍ ശുംഭ (8), സിക്കന്തര്‍ റാസ (9), റെഗിസ് ചക്കാബവ (0) എന്നിവരെല്ലാം പരാജയമായി. റയാന്‍ ബേള്‍ 10 റണ്‍സോടെയും റിച്ചാര്‍ഡ് നഗാരവ മൂന്ന് റണ്‍സോടെയും പുറത്താകാതെ നിന്നു. ബ്രാഡ് ഇവാന്‍സ് 15 പന്തില്‍ നിന്ന് 19 റണ്‍സെടുത്തു.

നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് വസീമും 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷദാബ് ഖാനും ചേര്‍ന്നാണ് സിംബാബ്വെയെ തകര്‍ത്തത്. ഹാരിസ് റൗഫ് ഒരു വിക്കറ്റെടുത്തു.