പത്തനംതിട്ട: പത്തനംതിട്ട വാഴക്കുന്നത്ത് കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയത് മഹിളാ മോര്‍ച്ച നേതാവും ബന്ധുക്കളും. മഹിളാമോര്‍ച്ച ആറന്മുള മണ്ഡലം സെക്രട്ടറി അനുപമ, ഭര്‍ത്താവ് സുജിത്ത്, സഹോദരൻ അനു എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് പത്തനംതിട്ട വാഴക്കുന്നത് വച്ച് കോളേജ് വിദ്യാര്‍ത്ഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയത്.
പാലത്തിൽ ഒന്നിച്ചിരുന്ന വിദ്യാര്‍ത്ഥികളെ അനുപമയും സംഘവും ക്രൂരമായി മര്‍ദ്ദിക്കുകയും പാലത്തിൽ നിന്നും തള്ളി താഴെയിടാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ ആറന്മുള പൊലീസ് അനുപമയേയും ഭര്‍ത്താവിനേയും സഹോദരനേയും പ്രതിയാക്കി കേസെടുത്തിട്ടുണ്ട്.
അയിരൂര്‍ സ്വദേശികളാണ് അനുപമയും കുടുംബവും. അതേസമയം തങ്ങളെ അക്രമിച്ചെന്ന് കാണിച്ച് അനുപമയും ബന്ധുക്കളും നൽകിയ പരാതിയിൽ കോളേജ് വിദ്യാര്‍ത്ഥികളെ പ്രതി ചേര്‍ത്ത് മറ്റൊരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
റാന്നി വാഴക്കുന്നത്തായിരുന്നു സംഭവം. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ വിദ്യാർഥികള്‍ക്ക് നേരെയാണ് സദാചാര ആക്രമണമുണ്ടായത്. കാറിന് വഴികൊടുക്കാഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമെന്നാണ് പോലീസ് പറയുന്നത്. മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും പാലത്തില്‍ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്ത് മൂന്നംഗ സംഘം മര്‍ദിക്കുകയായിരുന്നെന്ന് വിദ്യാർഥികൾ പരാതിയിൽ പറയുന്നു.
വിദ്യാർഥികളായ വിഷ്ണു, സല്മാന്, ആദര്‍ശ് എന്നിവരാണ് പരാതി നല്‍കിയത്. കാറിലെത്തിയ സ്ത്രീയും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘം തങ്ങളെ മര്‍ദിക്കുകയും അസഭ്യം പറയുകയുകയുമായിരുന്നു. തങ്ങളെ മര്‍ദിച്ചതിന് പുറമെ പാലത്തില്‍ നിന്ന് തള്ളി താഴെയിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥികള്‍ പറയുന്നു.
സംഘര്‍ഷത്തിൽ വിദ്യാർത്ഥികളായ വിഷ്ണു, സൽമാൻ, ആദർശ് എന്നീ വിദ്യാര്‍ത്ഥികൾക്കാണ് പരിക്കേറ്റത്. അക്രമത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.