ഹൈദരാബാദ്:രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അന്‍പത് ദിവസം പൂര്‍ത്തിയാക്കി. തെലങ്കാനയിലായിരുന്നു ജോഡോ യാത്രയുടെ അന്‍പതാം ദിനം പര്യടനം നടന്നത്. ദീപാവലി പ്രമാണിച്ചുള്ള ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് ജോഡോ യാത്ര തെലങ്കാനയിലെ മക്താലില്‍ നിന്ന് പുനരാരംഭിച്ചത്. ദീപാവലിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ അധികാരമേല്‍ക്കല്‍ ചടങ്ങും കണക്കിലെടുത്ത് ഭാരത് ജോഡോ യാത്രക്കിടെ മൂന്ന് ദിവസത്തേക്ക് ഇടവേള നല്കി രാഹുല്‍ ദില്ലിയിലേക്ക് പോവുകയായിരുന്നു.
തെലങ്കാനയിൽ കര്‍ഷകരോടും കര്‍ഷക സംഘടന പ്രതിനിധികളോടും രാഹുല്‍ സംസാരിച്ചു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകളെയും അദ്ദേഹം കണ്ടു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ കാര്‍ഷിക വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
നവംബർ ഒന്നിന് ഹൈദരാബാദ് നഗരത്തിലേക്ക് ജോഡോ യാത്ര പ്രവേശിക്കും. രാഹുല്‍ ഗാന്ധി ചാർമിനാറിൽ ദേശീയ പതാക ഉയർത്തുകയും നെക്ലേസ് റോഡിലെ ഇന്ദിരാ ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്ന സ്ട്രീറ്റ് കോർണർ യോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.