തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം ഇന്ന് 100 ദിവസം പിന്നിടുകയാണ്. മുതലപ്പൊഴിയിൽ നിന്ന് കടൽ വഴി തുറമുഖത്തിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നൽകാനാണ് സമരസമിതിയുടെ നീക്കം. പ്രതിഷേധ സമരത്തിൽ 100ൽ അധികം മത്സ്യബന്ധന യാനങ്ങൾ കടലിൽ പ്രതിഷേധം തീർക്കും.പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് കടൽ വഴിയുള്ള സമരം. മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജന കൺവൻഷനും ഇന്ന് നടക്കും. മുതലപ്പൊഴി പാലം സമരക്കാർ ഉപരോധിക്കും. ഇതോടെ തീരദേശ പാതയിലൂടെയുള്ള ഗതാഗതവും തടസപ്പെടും.
വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവച്ച് ശാസ്ത്രീയ പഠനം നടത്തണം, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കണം തുടങ്ങി 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് മത്സ്യത്തൊഴിലാളികൾ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. ജൂലൈ 20 മുതലാണ് സമരം തുടങ്ങിയത്. ആദ്യഘട്ടത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലായിരുന്നു സമരം.